എൻഎസ്എബിയുടെ പുതിയ ചെയർമാനായി മുൻ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) മേധാവി അലോക് ജോഷിയെ നിയമിച്ചു. ഇന്ത്യയുടെ സൈനിക, പോലീസ്, വിദേശ സേവനങ്ങളിൽ നിന്നുള്ള വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഏഴ് അംഗ ബോർഡാണ് രൂപീകരിച്ചത്. മുൻ വെസ്റ്റേൺ എയർ കമാൻഡർ എയർ മാർഷൽ പിഎം സിൻഹ, മുൻ ദക്ഷിണ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ എകെ സിംഗ്, സായുധ സേനയിൽ നിന്നുള്ള റിയർ അഡ്മിറൽ മോണ്ടി ഖന്ന എന്നിവരും സമിതി അംഗങ്ങളാണ്.
മുൻ ഐപിഎസ് ഓഫീസർമാരായ രാജീവ് രഞ്ജൻ വർമ്മ, മൻമോഹൻ സിംഗ്, മുൻ ഐഎഫ്എസ് ഉദ്യോഗ്ഥൻ ബി വെങ്കടേഷ് വർമ്മയുമാണ് മറ്റ് അംഗങ്ങൾ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്), ‘സൂപ്പർ കാബിനറ്റ്’ എന്നറിയപ്പെടുന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റി (സിസിപിഎ) യോഗങ്ങൾക്ക് പിന്നാലെയാണ് സമിതിയുടെ പുനഃസംഘടന.
