ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും ഏറ്റുമുട്ടും. ചെന്നൈയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. സ്വന്തം കാണികൾക്ക് മുന്നിൽ നാണക്കേട് ഒഴിവാക്കാൻ ചെന്നൈയ്ക്കും പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിനും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.നഷ്ടപ്പെടാൻ ഒന്നുമില്ലാതെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് കളത്തിലിറങ്ങുന്നത്. ഒരു പോയിന്റ് നഷ്ടം പോലും മുറിവേൽപ്പിക്കുമെന്ന തിരിച്ചറിവിലാണ് പഞ്ചാബ് കിംഗ്സ് കളത്തിലിറങ്ങുന്നത്. പത്താം മത്സരത്തിന് ഇറങ്ങുമ്പോൾ ചെന്നൈയ്ക്ക് നാലും പഞ്ചാബിന് 11ഉം പോയിന്റ് വീതമാണുള്ളത്.
ചെപ്പോക്കിൽ അജയ്യർ എന്ന വിശ്വാസത്തിന് ഇളക്കം തട്ടിയ സീസണിൽ ഇടയ്ക്കിടെ ടീമിൽ ചെന്നൈ അഴിച്ചുപണി വരുത്തിയിരുന്നു. 200 റൺസ് സീസണിൽ പിന്നിട്ടത് ശിവം ദുബെ മാത്രമാണ്. അതിൽ നിന്ന് തന്നെ മനസിലാക്കാം ചെന്നൈയുടെ പ്രതിസന്ധി. ചെപ്പോക്കിൽ തുടർച്ചയായ മൂന്ന് സീസണുകളിൽ ജയം എന്ന അപൂർവ്വ നേട്ടമാണ് പഞ്ചാബിന്റെ ഉന്നം. ജയിച്ചാൽ പഞ്ചാബിന് പ്ലേ ഓഫ് സ്ഥാനങ്ങളിലേക്ക് ആധികാരികമായി മടങ്ങാം.
