തൃശൂർ: കഴിഞ്ഞ ഏതാനും വർഷങ്ങളായി തൃശൂർ പൂരത്തിലെ നിറസാന്നിധ്യമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
എന്നാൽ തൃശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണയില്ല. പൂരം വിളംബരം ചെയ്ത് നെയ്തല കാവിൽ അമ്മയുടെ കോലം ശിരസ്സിലേറ്റി വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട തള്ളിത്തുടർന്ന് തെച്ചിക്കോട്ടുകാവ് ഇറങ്ങിവരുന്ന കാഴ്ച തൃശൂരിന്റെയും പൂര പ്രേമികളുടെയും ഇത്തവണത്തെ നഷ്ടമാണ്.ആന വരുമ്പോൾ തിരക്ക് കൂടുന്നതും, നിയന്ത്രിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കൊണ്ടാണ് പിൻമാറിയതെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം അറിയിച്ചു. പൂരത്തിനെത്തുന്ന കൊമ്പൻ രാമചന്ദ്രന് മടങ്ങിപ്പോകാൻ ജനത്തിരക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. നേരത്തെ പൂര വിളംബരത്തിൽ നിന്നും ആനയെ മാറ്റിയിരുന്നു.
കഴിഞ്ഞ രണ്ടുവർഷം മാത്രമാണ് പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയത്. അതിനുമുൻപ് തലേന്ന് നടക്കുന്ന പൂരവിളംബരത്തിനാണ് എത്തിയിരുന്നത്. അഞ്ചുവർഷം തൃശൂർ പൂരത്തിനായി തെക്കേഗോപുരനട തുറന്നിടാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയിരുന്നു. ആനയെ പൂരത്തിനെത്തിക്കണമെങ്കിൽ നിരവധി വിലക്കുകൾ മറികടക്കുകയും വേണം.
