ചില കായിക ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പാകിസ്ഥാൻ യുട്യൂബ് ചാനലുകള്‍ നിരോധിച്ചതിന്റെ കൂട്ടത്തിൽ പാകിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തറിന്റെ യുട്യൂബ് ചാനലും ഇന്ത്യയില്‍ നിരോധിച്ചു. അക്തറിന്റെ @ShoaibAkhtar100mph എന്ന ചാനലാണ് നിരോധിച്ചത്. ചില കായിക ചാനലുകളും നിരോധിച്ചവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡോണ്‍ ന്യൂസ്, എആര്‍വൈ ന്യൂസ്, സമാ ടിവി, ജിയോ ന്യൂസ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരേ പ്രകോപനപരവും വര്‍ഗീയവുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയ സുരക്ഷയുമായോ പൊതു ക്രമസമാധാനവുമായോ ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവുകാരണം ഈ ഉള്ളടക്കം നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല.ഈ യുട്യൂബ് ചാനലുകള്‍ തുറക്കുമ്പോള്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഗൂഗിള്‍ ട്രാന്‍സ്പാരന്‍സി റിപ്പോര്‍ട്ട് (transparencyreport.google.com) സന്ദര്‍ശിക്കുക എന്നാണ് കാണിക്കുന്നത്.
