ഐപിഎൽ 2025 പോയിന്റ് ടേബിളിൽ ഒന്നാമതെത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തിയതോടെയാണ് റോയൽ ചലഞ്ചേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്.10 മത്സരങ്ങളിൽ നിന്ന് ഏഴ് ജയം ഉൾപ്പെടെ 14 പോയിന്റോടെയാണ് ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. എട്ട് മത്സരങ്ങളിൽ അഞ്ച് ജയം ഉൾപ്പെടെ 10 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് ആണ് പട്ടികയിൽ രണ്ടാമത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാൽ ഗുജറാത്തിന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താൻ സാധിക്കും. 10 മത്സരങ്ങളിൽ നിന്ന് ആറ് ജയം ഉൾപ്പെടെ 12 പോയിന്റുള്ള മുംബൈ ഇന്ത്യൻസ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് ജയം നേടി 12 പോയിന്റ് സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസ് നാലാം സ്ഥാനത്തുമുണ്ട്.
നിലവിൽ അഞ്ചാം സ്ഥാനത്ത് പഞ്ചാബ് കിങ്സും ആറാം സ്ഥാനത്ത് ലഖ്നൗ സൂപ്പർ ജയന്റ്സുമാണുള്ളത്. പഞ്ചാബ് ഒമ്പത് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ചു. ഒരു മത്സരം മഴമുടക്കിയതോടെ പഞ്ചാബിന് 11 പോയിന്റാണുള്ളത്. 10 മത്സരങ്ങളിൽ അഞ്ച് മത്സരം വിജയിച്ച ലഖ്നൗ ആറാം സ്ഥാനത്തുണ്ട്.ഇന്നലെ നടന്ന മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആറ് വിക്കറ്റിനാണ് ജയിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയ 163 ടോട്ടല്‍ ഒമ്പത് പന്തുകള്‍ ബാക്കിനില്‍ക്കെ ബെംഗളൂരു മറികടന്നു. 73 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയുടെയും 51 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും ഇന്നിങ്സാണ് ആര്‍സിബിക്ക് തുണയായത്.
