ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വിജയിച്ച ശേഷം കെ എല്‍ രാഹുലിന് മുന്നില്‍ വട്ടം വരച്ച് കാന്താര സെലിബ്രേഷന് അനുകരിച്ച് വിരാട് കോഹ്ലി. മത്സരം ഫിനിഷ് ചെയ്ത ശേഷം കോഹ്ലിയില് നിന്ന് കാന്താര സെലിബ്രേഷനുണ്ടാകുമെന്ന് കരുതിയവരെ നിരാശരാക്കി വിജയത്തിന് 20 റണ്‍സകലെ കോഹ്ലി വീണിരുന്നു. ക്രുനാല്‍ പാണ്ഡ്യയും ടിം ഡേവിഡും ചേര്‍ന്ന് വിജയ റണ്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഡഗ് ഔട്ടിലിരുന്ന് മുഷ്ടി ചുരുട്ടി വിജയാഘോഷം നടത്തിയ കോഹ്ലി ഡൽഹി താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയശേഷമായിരുന്നു രാഹുലിന് അടുത്തെത്തി വട്ടം വരച്ച് ചിന്നസ്വാമിയില്‍ രാഹുൽ നടത്തിയ കാന്താര സെലിബ്രേഷനെ കളിയാക്കിയത്.
രാഹുലിനെ കളിയാക്കിയ ശേഷം ആലിംഗനം ചെയ്ത് സൗഹൃദ സംഭാഷണം നടത്തിയ ശേഷമാണ് കോഹ്ലി മൈതാനത്ത് നിന്നും മടങ്ങിയത്. ഏപ്രില്‍ ഒന്നിന് നടന്ന എവേ മത്സരത്തില്‍ ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയെ വീഴ്ത്തി വിജയ റണ്‍ നേടിയ ശേഷം ഡല്‍ഹി താരം കെ എല്‍ രാഹുല്‍ നെഞ്ചിലിടിച്ച് ഒരു വട്ടം വരച്ച് കാന്താരയില്‍ നായകനായ റിഷഭ് ഷെട്ടി ചെയ്യുന്നതുപോലെ ബാറ്റ് നിലത്തു കുത്തി ഇത് തന്റെ ഗ്രൗണ്ടാണെന്ന് പറഞ്ഞ് ആഘോഷിച്ചിരുന്നു.
ചിന്നസ്വാമിയില്‍ രാഹുല്‍ പുറത്തെടുത്ത ആവേശപ്രകടനത്തിനുള്ള മറുപടി ഇന്നലെ തന്റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വിരാട് കോഹ്ലി നല്‍കുമെന്ന് അവസാനം വരെ ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ക്രുനാല്‍ പാണ്ഡ്യക്ക് പിന്തുണ നല്കി ബാറ്റ് ചെയ്ത വിരാട് കോഹ്ലി തുടക്കത്തില്‍ 26-3 എന്ന സ്കോറില്‍ ആര്‍സിബിക്ക് വിജയപ്രതീക്ഷ നല്കി. ഒടുവില്‍ ആര്‍സിബി വിജയം ഉറപ്പിച്ചശേഷമാണ് കോഹ്ലി 47 പന്തില്‍ 51 റണ്‍സുമായി മടങ്ങിയത്. അര്‍ധ സെഞ്ച്വറി നേടിയതോടെ ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്താനും കോഹ്ലിക്കായി.
