കോപ്പ ഡെല്‍ റേ എല്‍ ക്ലാസിക്കോ ഫൈനലിൽ കപ്പുയര്‍ത്തി ബാഴ്സലോണ. സ്പെയ്നിലെ സെവിയയ്യിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ക്ലൈമാക്സിൽ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ബാഴ്സലോണക്കായി പെഡ്രി 28-ആം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഫെറാൻ ടോറസ് 84-ആം മിനുറ്റിൽ രണ്ടാം ഗോളും, ജുല്‍സ് കുന്‍ഡെ എക്സട്ര ടൈമിലും ഗോൾ നേടി. റയലിനായി കിലിയൻ എംബാപ്പെയും, ഒറേലിയാന്‍ ച്യുവമേനിയും വലകുലുക്കി.
കോപ്പ ഡെൽറെയിൽ ബാഴ്സയുടെ 32-ാം കിരീടമാണിത്. ചിര വൈരികളായ എഫ്സി ബാഴ്സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടിയ ആവേശ മത്സരത്തിലാണ് ഒരിക്കൽ കൂടി നെഞ്ച് വിരിച്ച് ബാഴ്സയുടെ കിരീട നേട്ടം. സെമി ഫൈനലില്‍ കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്സലോണ ഫൈനലിലേക്ക് മുന്നേറിയത്. റയല്‍ സോസിഡാഡിനെ റയലും തോൽപിച്ചതോടെയാണ് എല്‍ ക്ലാസിക്കോ പോരാട്ടത്തിന് വേദിയൊരുങ്ങിയത്
