കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി വിമാനം 17 മണിക്കൂർ വൈകി. സാങ്കേതിക കാരണത്തെത്തുടർന്നാണ് വിമാനം വൈകിയത്. ഇതേ തുടർന്ന് യാത്രക്കാരും എയർലൈൻ ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി.ഫ്ലൈറ്റ് റദ്ദാക്കിയെന്നാണ് ആദ്യം അറിയിച്ചതെന്നും പ്രതിഷേധത്തെ തുടർന്നാണ് ഫ്ലൈറ്റ് റീ ഷെഡ്യൂൾ ചെയ്തതെന്നും യാത്രക്കാർ പറഞ്ഞു. ഇന്നലെ രാവിലെ 6.10ന് അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 11.10ന് ആണ് പുറപ്പെട്ടത്. രാവിലെ 4 മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ആദ്യമെത്തിയ കുറച്ചു പേരെ ഡിപ്പാർച്ചർ കെട്ടിടത്തിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീടെത്തിയ നൂറോളം പേരെ അകത്തേക്ക് കയറ്റിവിട്ടില്ല.
സർവീസ് റദ്ദാക്കിയെന്ന് എയർ ലൈൻ ജീവനക്കാർ അറിയിച്ചതോടെ മുന്നറിയിപ്പു നൽകിയില്ലെന്ന് ആരോപിച്ചാണ് യാത്രക്കാരും എയർലൈൻ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. ടിക്കറ്റ് തുക റീഫണ്ട്, റീ ഇഷ്യു സൗകര്യം ലഭിക്കുമെന്നും അറിയിച്ചെങ്കിലും പ്രതിഷേധം അവസാനിച്ചില്ല. തുടർന്ന് വിമാനം വൈകിട്ട് 7.10ന് പുറപ്പെടുമെന്ന് ധാരണയിലെത്തുകയായിരുന്നു.
