പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടാനിറങ്ങുന്നത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്. മുംബൈ ഇന്ത്യൻസിനോട് വമ്പൻ തോൽവി നേരിട്ടാണ് ഇരു ടീമുകളും ചെപ്പോക്കിലിറങ്ങുന്നത്. ക്യാപ്റ്റനായി ധോണി തിരികെയെത്തിയ സീസണില്‍ പ്ലേ ഓഫിലെത്താതെ ചെന്നൈ മടങ്ങുന്നത് ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലും ആകില്ല.
അതുകൊണ്ട് തന്നെ ഹൈദരാബാദിനെതിരെയുള്ള ഇന്നത്തെ മത്സരം ധോണിക്കും സംഘത്തിനും ജീവൻമരണ പോരാട്ടം തന്നെയാണ്. സീസണ് പകുതി പിന്നിട്ടിട്ടും മികച്ച പ്ലേയിംഗ് ഇലവനെ കണ്ടെത്താനാകാത്തതാണ് ചെന്നൈ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുംബൈക്കെതിരെ ജഡേജയും ശിവം ദുബെയും ഫോമിലെത്തിയത് മാത്രമാണ് ഏക പ്രതീക്ഷ.
എതിരാളികളെ വിറപ്പിച്ചിരുന്ന ഹൈദരാബാദിന് ഇതെന്തു പറ്റിയെന്നാണ് ആരാധകർ ചിന്തിക്കുന്നത്. അപകടകാരികളായ ബാറ്റിംഗ് നിര മോശം പ്രകടനം തുടരുകയാണ്. പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിക്കെതിരെയും ചോദ്യങ്ങളുയരുന്നു. മുംബൈക്കെതിരെ തകർത്തടിച്ച ഹെൻറിച്ച് ക്ലാസന്റെ ബാറ്റിംഗിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. ചെന്നൈക്കെതിരെ മികച്ച ബാറ്റിംഗ് റെക്കോർഡും ക്ലാസനുണ്ട്. ട്രാവിസ് ഹെഡും അഭിഷേകും മികച്ച തുടക്കവും നൽകണം. അതേസമയം മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചന.
