ഐപിഎല്ലിന്റെ ഈ സീസണിൽ കൂടുതൽ റൺസെടുത്തവർക്കുള്ള ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത്. ഇന്നലെ നടന്ന മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിനെതിരെ 42 പന്തിൽ 70 റൺസാണ് കോഹ്ലി നേടിയത്.
ഈ സീസണിൽ ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി കോഹ്ലി ആകെ 392 റൺസെടുത്തിട്ടുണ്ട്. എട്ട് ഇന്നിങ്സുകളിൽ ബാറ്റ് ചെയ്ത് 417 റൺസെടുത്ത ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ ആണ് ഒന്നാമത്. ഐപിഎൽ സീസൺ റൺവേട്ടക്കാരുടെ പട്ടികയിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പൂരൻ ആണ് മൂന്നാമത്. പൂരൻ എട്ട് മത്സരങ്ങളില്‍ 377 റണ്‍സെടുത്തിട്ടുണ്ട്.
നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി 373 റൺസ് നേടിയിട്ടുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ലർ എട്ട് മത്സരങ്ങളിൽ നിന്ന് 356 റൺസെടുത്തിട്ടുണ്ട്. സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണ ഒന്നാമത് തുടരുന്നു. ഐപിഎൽ സീസണിൽ എട്ട് മത്സരങ്ങൾ കളിച്ച പ്രസിദ്ധിന്റെ ആകെ വിക്കറ്റ് നേട്ടം 16 ആണ്.
