പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുകയാണ്. ജമ്മു കശ്മീരിലെ ബൈസരൻ പുൽമേടിൽ ഇരുപതിലധികം പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയ്ക്ക് പകരമായി പാക്കിസ്ഥാനെതിരെ തിരിച്ചടിക്കാൻ ഇന്ത്യ ഇതിനോടകം നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. അതിന്റെ ഭാഗമായി ഇരുകൂട്ടരും തമ്മിലുള്ള പ്രധാന കര വ്യാപാര പാത അട്ടാരി ഇന്ത്യ അടച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് “ഉടനടി” അടച്ചുപൂട്ടുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് ഔദ്യോഗികമായി അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ പ്രതികരണം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഏപ്രിൽ 23ന് ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന ആളുകൾക്ക് തിരികെ വരാൻ അനുവദിക്കുന്നതിനായി അട്ടാരി അതിർത്തി താൽക്കാലികമായി തുറക്കും. കൂടാതെ, ഇവിടെ നിന്നും അതിർത്തി കടന്നവർക്ക് 2025 മെയ് 1 ന് മുമ്പ് ആ വഴി തിരിച്ചു വരാമെന്നും മിശ്ര പറഞ്ഞു.

അട്ടാരി, വാഗ എന്നിവ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തിയാണ്. അട്ടാരി പഞ്ചാബിലെ ഒരു ഇന്ത്യൻ ഗ്രാമമാണ്, വാഗ പാകിസ്ഥാനിലെ ഒരു ഗ്രാമവും. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഏക കര വ്യാപാര പാതയും അട്ടാരിയിലെ ഇന്ത്യയിലെ ആദ്യത്തെ കര തുറമുഖവുമാണ് ഈ അതിർത്തി. ദിനംപ്രതി ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന് പേരുകേട്ടതാണ് കര ഈ അതിർത്തി.അമൃത്സറിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അട്ടാരിയിലെ കര തുറമുഖം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ചരക്കുകളുടെ ഇറക്കുമതിയിലും കയറ്റുമതിയിലും വലിയ പങ്കു വഹിക്കുന്നുണ്ട്. 120 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ലാൻഡ് പോർട്ട് നാഷണൽ ഹൈവേ -1 മായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരത്തിനും യാത്രക്കാരുടെ സന്ദർശനത്തിനും വേണ്ടിയുള്ള ഏക അംഗീകൃത കര ഇടനാഴി കൂടായിണിത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സാധനങ്ങളും അട്ടാരി ലാൻഡ് പോർട്ട് വഴി ഇന്ത്യയിലെത്തുന്നുണ്ട്.
ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം , 2023–24 സാമ്പത്തിക വർഷത്തിൽ ലാൻഡ് പോർട്ട് 6,871 ചരക്ക് നീക്കങ്ങളിലൂടെ 3,886.53 കോടി രൂപയുടെ വ്യാപാരം രേഖപ്പെടുത്തിയിരുന്നു. 71,563 പാസഞ്ചർ ക്രോസിംഗുകളും ഇതുവഴി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അട്ടാരി ലാൻഡ് പോർട്ട് വഴിയുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി പച്ചക്കറികൾ, സോയാബീൻ, കോഴിത്തീറ്റ, പ്ലാസ്റ്റിക് തരികൾ, ചുവന്ന മുളക് എന്നിവയാണ്. പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയിൽ ഉണങ്ങിയ പഴങ്ങൾ, പാറ ഉപ്പ്, ജിപ്സം, സിമൻറ്, ഔഷധ സസ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
എന്നിരുന്നാലും, ഈ റൂട്ട് വഴിയുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2018–19 മുതൽ ക്രമേണ കുറഞ്ഞുവരികയാണ്. അട്ടാരി അതിർത്തി അടച്ചതോടെ, ഈ വഴി ഇന്ത്യയിലേക്ക് വരുന്ന അഫ്ഗാൻ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. അതിർത്തി കടന്നുള്ള സാധനങ്ങളുടെ വിൽപ്പനയെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികളെയും നിർമ്മാതാക്കളെയും ഈ നടപടി സാമ്പത്തികമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.പാക്കിസ്ഥാനിലെ ദി ഫ്രൈഡേ ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, 2025 ഫെബ്രുവരിയിൽ പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്ന് 26.8 മില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്, 2024 ഫെബ്രുവരിയിലെ 20.94 മില്യൺ ഡോളറിൽ നിന്ന് 28 ശതമാനം വർധനവുണ്ടായതായി വ്യക്തം.
2019 ൽ പാക്കിസ്ഥാൻ കൊണ്ടുവന്ന വ്യാപാര നിരോധനം നിലവിലുണ്ടെങ്കിലും ഇന്ത്യൻ ഉൽപ്പന്നങ്ങൾ പാക്കിസ്ഥാനിൽ എത്തുന്നുണ്ടെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിർത്തിവച്ചിരുന്നു. 2019 ലെ പുൽവാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ 200 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. വ്യാപാര നിരോധനത്തിന് മുമ്പ്, 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2.56 ബില്യൺ ഡോളറിലെത്തിയെന്ന് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു. പക്ഷെ, 2020-21ൽ പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 329 മില്യൺ ഡോളറായി കുറഞ്ഞു.
പെട്ടന്ന് ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണങ്ങളെയൊന്നും ഒരുപാട് കാലത്തേക്ക് തടഞ്ഞ് നിർത്താൻ പാക്കിസ്ഥാന് സാധിക്കില്ല, അതുകൊണ്ട് തന്നെ സാമ്പത്തികപരമായാണെങ്കിലും ഒരു അടി കിട്ടിയാൽ അത് പാക്കിസ്ഥാനെ കാര്യമായി തന്നെ ബാധിക്കും. ഇത്തരം വ്യാപാര വിലക്കുകൾ കൂടെ ഇന്ത്യയിൽ നിന്ന വന്ന നിലയിക്ക് പാക്കിസ്ഥാൻ കുറച്ചധികം വിയർക്കുമെന്നതിൽ സംശയമൊന്നുമില്ല..!
