ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്(65) ആണ് കൊല്ലപ്പെട്ടത്. മകളുടെ മുന്നില്‍വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത് എന്നാണ് വിവരം. കുടുംബസമേതം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു.
ഹൈദരാബാദിൽ നിന്നുള്ള ഐ ബി ഉദ്യോഗസ്ഥൻ ബിഹാർ സ്വദേശിയായ മനീഷ് രഞ്ചനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം ജമ്മുവിലേക്ക് യാത്ര പോയതായിരുന്നു മനീഷ്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അടുത്തിടെ വിവാഹിതനായ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനും. ഹരിയാനയിലെ കർണാലിൽ നിന്നുള്ള വിനയ് നർവാളാണ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഈ കഴിഞ്ഞ ഏപ്രിൽ 16 നാണ് വിനയ് നർവാൾ വിവാഹിതനായത്. മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയതായിരുന്നു വിനയും ഭാര്യ ഹിമാൻഷിയും. കൊച്ചിയിലായിരുന്നു അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയും ഉണ്ടെന്ന് റിപ്പോർട്ട്. ശിവമോഗയിൽ നിന്ന് വിനോദയാത്ര പോയ മഞ്ജുനാഥ് റാവുവാണ് ( 47 ) കൊല്ലപ്പെട്ടത്. ഭാര്യ പല്ലവിക്കും കുഞ്ഞിനുമൊപ്പം മൂന്നു ദിവസം മുൻപായിരുന്നു മഞ്ജുനാഥ് റാവു കശ്മീരിൽ എത്തിയത്.
കേസന്വേഷണം എൻഐഎ ഏറ്റെടുത്തു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലേത്.രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ 28 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
