
മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. വിഷയത്തില്‍ എം.എല്‍.എയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
മുതലപ്പൊഴിയില്‍ മണല്‍ നീക്കാന്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായത്. മണല്‍ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസ്സം നേരിടുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ ലഭ്യമായ ഡ്രഡ്ജറും ജെ.സി.ബികളും ഉപയോഗിച്ച് മണല്‍ നീക്കം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂരില്‍ നിന്നുള്ള വലിയ ഡ്രഡ്ജര്‍ വ്യാഴാഴ്ച സമുദ്രമാര്‍ഗം മൂലം എത്തിച്ചേരും.