ചേലാ കർമ്മത്തിന് വിധേയരായ 23 കോടി സ്ത്രീകൾ ലോകത്തിന്റെ വിവിഘ ഭാഗങ്ങളിലായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോർട്ട്. കടുത്ത മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളാണ് ലിംഗഛേദം ചെയ്യപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ആർത്തവസംബന്ധമായ പ്രശ്നങ്ങൾ മുതൽ ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെടുമ്പോഴുള്ള അസഹ്യമായ വേദന വരെ ഇക്കൂട്ടർ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ഹ്യൂമൻ റീപ്രൊഡക്ഷൻ പ്രോഗ്രാമും ചേർന്ന് നടത്തിയ പഠനത്തിലാണ് ചേലാ കർമ്മത്തിന് വിധേയരായ സ്ത്രീകളുടെ നരകയാതനകളെ കുറിച്ച് വ്യക്തമാക്കുന്നത്. ആർത്തവസംബന്ധമായ പ്രശ്നങ്ങൾ, മൂത്രാശയരോഗങ്ങൾ, വേദനാജനകമായ ലൈംഗികബന്ധം, വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ ഇക്കൂട്ടർ അനുഭവിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എഫ്ജിഎം( female genital mutilation) എന്നറിയപ്പെടുന്ന ചേലാകർമത്തിന് വിധേയരാകുന്ന പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണെന്ന് പഠനത്തിൽ കണ്ടെത്തി.വൈദ്യശാസ്ത്രസംബന്ധമായ കാരണങ്ങളില്ലാതെ സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയഭാഗം ഭാഗികമായോ പൂർണമായോ നീക്കംചെയ്യുന്ന പ്രക്രിയയാണ് എഫ്ജിഎം. ഇത് മനുഷ്യാവകാശ ലംഘനം ആണെന്ന് മാത്രമല്ല, ആജീവനാന്തം വേദനയും ആഘാതവും പകരുന്ന അവസ്ഥയാണെന്നും ആഗോളതലത്തിൽ 23 കോടി സ്ത്രീകൾ ഇതുസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു
ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള മുപ്പതോളം രാജ്യങ്ങളിൽ ലിംഗഛേദം സാധാരണമായി നടന്നുവരുന്നുണ്ട്. സാംസ്കാരിക സംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലയിടങ്ങളിലും ഇന്നും ഈ രീതി അനുവർത്തിച്ചുവരുന്നത്. എന്നാൽ യഥാർഥത്തിൽ ഇതിലൂടെ കടന്നുപോയ പെൺകുട്ടികൾ ആജീവനാന്തം ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരികയാണെന്ന് പഠനത്തിൽ പറയുന്നു.പ്രസവസംബന്ധമായ സങ്കീർണതകളും ഇക്കൂട്ടരിൽ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. അണുബാധകളും മറ്റും അടിക്കടി വരികയും സാധാരണക്കാരെ അപേക്ഷിച്ച് വിഷാദം, ഉത്കണ്ഠ എന്നിവ വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും പഠനത്തിലുണ്ട്.
നവജാതശിശുക്കൾ മുതൽ പതിനഞ്ചു വയസ്സ് പ്രായമുള്ളവരിലാണ് എഫ്ജിഎം ചെയ്തുവരുന്നത്. ഈ പ്രക്രിയ സുരക്ഷിതമാണെന്ന വിശ്വാസത്തിൽ ആരോഗ്യപ്രവർത്തകർ ചെയ്തുകൊടുക്കാൻ തയ്യാറാകുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് എഫ്ജിഎം എന്നും ലോകാരോഗ്യ സംഘടന അടിവരയിടുന്നു. സ്ത്രീകൾക്ക് നേരെയുള്ള വിവേചനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഒരു വ്യക്തിയുടെ ആരോഗ്യം, സുരക്ഷിതത്വം, ക്രൂരതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം നേടാനുള്ള അവകാശം തുടങ്ങിയവയുടെ ലംഘനമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ചേലാകർമ്മത്തിന് ഇരയാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം വർധിച്ച് വരികയാണെന്ന് യൂണിസെഫ് കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ത്രീകളിലെ ചേലാകർമ്മം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എങ്കിലും ഈ ആചാരം ഇപ്പോഴും നിർഭയമായി തുടരുന്നുണ്ടെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
2016-നെ അപേക്ഷിച്ച്, ‘പരിച്ഛേദന’യ്ക്ക് വിധേയരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം കഴിഞ്ഞ എട്ട് വർഷത്തിനിടെ മൂന്ന് കോടി വർദ്ധിച്ചു എന്നാണ് കഴിഞ്ഞ വർഷം യൂണിസെഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അതായത് ഏകദേശം 15 ശതമാനമാണ് ഇക്കാലയളവിലെ വർദ്ധനവ്.സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയിൽ മാറ്റം വരുത്തൽ (ഫീമെയിൽ ജെനിറ്റൽ മ്യൂട്ടിലേഷൻ) എന്നാണ് ഐക്യരാഷ്ട്ര സഭ ചേലാകർമ്മത്തിനു നൽകിയ പേര്. സ്ത്രീകളിൽ ചേലാകർമ്മം ചെയ്യുന്നത് 2030-ഓടെ തുടച്ചു നീക്കുമെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. യു.എൻ.എഫ്.പി.എയും, യു.എൻ.ഐ.സി.ഇ.എഫും (UNFPA-UNICEF) സംയുക്തമായി ആഗോളതലത്തിൽ ചേലാകർമ്മം ഇല്ലാതാക്കാനുള്ള പ്രചാരണം നടത്തുന്നുണ്ട്.
