ഹിന്ദുമത വിശ്വാസിയായ കേന്ദ്രമന്ത്രിക്കെതിരെ പാക്കിസ്ഥാനിൽ ആക്രമണം. സിന്ധ് പ്രവിശ്യയിലാണ് ജലസേചന കനാലിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിസഭയിലെ മതവിശ്വാസകാര്യ മന്ത്രി ഖീൽ ദാസ് കോഹിസ്ഥാനിക്കെതിരെ ആക്രമണം ഉണ്ടായത്.
പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഫെഡറൽ ഗവൺമെന്റിൽ അംഗമാണ് കോഹിസ്ഥാനി. എന്നാൽ മന്ത്രിക്ക് പരിക്കേറ്റിട്ടില്ല. കോഹിസ്ഥാനിക്കെതിരെ നടന്ന ആക്രമണത്തെ നിശിതമായി വിമർശിച്ച ഷഹബാസ് ഷെരീഫ്, ജനപ്രതിനിധികൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് പാർട്ടിയുടെ പ്രധാന നേതാവാണ് ആക്രമണത്തിനിരയായ കോഹിസ്ഥാനി. പഞ്ചാബ് പ്രതിയിൽ 6 ജലസേചന കനാലുകൾ നിർമ്മിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ട്. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്.
