യുക്രൈനിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ശനിയാഴ്ച വൈകിട്ട് ആറു മുതൽ ഞായറാഴ്ച അർധരാത്രി വരെയാണ് വെടിനിർത്തിയതെന്ന് റഷ്യൻ സൈനിക മേധാവി വലേരി ഗെരാസിമോവിനോട് സംസാരിക്കവെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു.
യുക്രയ്ൻ വെടിനിർത്തൽ ലംഘനം നടത്തിയാൽ ചെറുക്കാൻ സൈന്യത്തെ സജ്ജരാക്കാനും ജെറാസിമോവിനോട് പുടിൻ നിർദ്ദേശിച്ചു. എന്നാൽ ഇതു സംബന്ധിച്ച് യുക്രൈൻ പ്രതികരണമൊന്നും നടത്തിയിട്ടില്ല. മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടി നിർത്തൽ പ്രഖ്യാപിക്കുന്നതെന്നു പുടിൻ വ്യക്തമാക്കി. റഷ്യയുടെ ഈ മാതൃക യുക്രയ്ൻ പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിൻ പ്രതികരിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺസംഭാഷണത്തിൽ യുക്രയ്നിലെ ഊർജ അടിസ്ഥാനസൗകര്യ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം 30 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പുടിൻ സമ്മതിച്ചിരുന്നു.
