
മദ്രാസ് ഹൈക്കോടതി പേഴ്സണല്‍ അസിസ്റ്റന്റുമാരുടെ നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് mhc.tn.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ജഡ്ജിമാരുടെ പേഴ്സണല്‍ അസിസ്റ്റന്റ്, രജിസ്ട്രാര്‍ ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറി, രജിസ്ട്രാര്‍മാര്‍ക്ക് പേഴ്സണല്‍ അസിസ്റ്റന്റ്, ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ക്ക് പേഴ്സണല്‍ ക്ലാര്‍ക്ക് തുടങ്ങിയ വിവിധ തസ്തികകളില്‍ ആയിരിക്കും നിയമനം.
പ്രസ്തുത തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 5 ആണ്. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയതി മെയ് 6 ആണ്.
ജഡ്ജിമാരുടെ പേഴ്സണല്‍ അസിസ്റ്റന്റ്, രജിസ്ട്രാര്‍ ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നിവ ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56100 രൂപ മുതല്‍ 2,05,700 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ഇതിനൊപ്പം പ്രത്യേക ആനുകൂല്യങ്ങളും ഉണ്ടാകും.
ജിസ്ട്രാര്മാരുടെ പേഴ്സണല്‍ അസിസ്റ്റന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,400 രൂപ മുതല്‍ 1,34,200 വരെ പ്രതിമാസ ശമ്പളം ലഭിക്കും. ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ പേഴ്സണല്‍ ക്ലാര്‍ക്ക് ആയി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,600 രൂപ മുതല്‍ 75,900 രൂപ വരെയാണ് പ്രതിമാസ ശമ്പളം ലഭിക്കുക.
ജഡ്ജിമാരുടെ പേഴ്സണല്‍ അസിസ്റ്റന്റ്, രജിസ്ട്രാര്‍ ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 1,200 രൂപയും പേഴ്സണല്‍ അസിസ്റ്റന്റ് (രജിസ്ട്രാര്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 1,000 രൂപയും പേഴ്സണല്‍ ക്ലാര്‍ക്ക് (ഡെപ്യൂട്ടി രജിസ്ട്രാര്‍) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 800 രൂപയും ആണ് അപേക്ഷ ഫീസ് .
പൊതു എഴുത്ത് പരീക്ഷ (ഒബ്ജക്റ്റീവ് തരത്തിലുള്ള ചോദ്യങ്ങളുള്ള ഒരു യോഗ്യതാ പരീക്ഷ), നൈപുണ്യ പരിശോധന, സര്‍ട്ടിഫിക്കറ്റ് പരിശോധന (മെറിറ്റിന്റെയും സംവരണ നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ അന്തിമ ഷോര്‍ട്ട്ലിസ്റ്റ്, വൈവ-വോസ് മാര്‍ക്കുകള്‍ അന്തിമ തിരഞ്ഞെടുപ്പിന് കാരണമാകും) എന്നിവയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.
ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്, ഉയര്‍ന്നത് മുതല്‍ താഴ്ന്ന ശമ്പള സ്കെയില്‍ വരെ വിജ്ഞാപനം ചെയ്ത തസ്തികകളുടെ ക്രമത്തിലായിരിക്കും തിരഞ്ഞെടുപ്പ് പരിഗണിക്കുക. അപേക്ഷകരുടെ പ്രായപരിധി 2025 ജൂലൈ 01-ന് 18 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധി വിവിധ വിഭാഗത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. സംവരണമില്ലാത്തവര്‍ക്ക് 32 വയസ്, സംവരണം ഉള്ളവര്‍ക്ക് 37 വയസ്, സര്‍വീസിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 47 വയസ് എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഹൈക്കോടതി പ്രിന്‍സിപ്പല്‍ സീറ്റ്, മദ്രാസ് (ചെന്നൈ), മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് (മദ്രാസ്) എന്നിവിടങ്ങളില്‍ ആയിരിക്കും നിയമിക്കുക. ഭരണപരമായ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ജീവനക്കാരെ സ്ഥലം മാറ്റാറുണ്ട്.