
തിരുവനന്തപുരം: താല്‍ക്കാലികമാണെങ്കിലും ഒരു ജോലി തേടി നടക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇതാ നിങ്ങള്‍ക്കായി വിവിധ സർക്കാർ വകുപ്പുകള്‍ക്ക് കീഴിലായി നിരവധി ഒഴിവുകളാണ് വന്നിരിക്കുന്നത്. ഇവിടെ ഒരോ വിഭാഗത്തിലേയും ഒഴിവുകള്‍ അതിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകളും വിശദമായി നല്കുന്നു.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കും ക്ലീനിങ് ജോലികൾക്കും ഒഴിവ്. പ്രസ്തുത തസ്തികകളിലേക്ക് താൽകാലിക ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രിൽ 22 രാവിലെ 10:30ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും.
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കാവശ്യമായ യോഗ്യത പ്ലസ് ടു, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്. ആറ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ആവശ്യമാണ്. സ്വീപ്പർ തസ്തികയിൽ ഏട്ടാം ക്ലാസ് ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ഹാജരാക്കണം.