നിയമത്തെ പിന്തുണച്ച് ഏഴ് സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സമർപ്പിച്ച 73 ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത് . നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ശ്രമമാണെന്നുമാണ് ഇതിനെ എതിർക്കുന്നവരുടെ വാദം. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിന് ഭേദഗതി അനിവാര്യമാണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന് മുന്നിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹർജികൾ പരിഗണിക്കുന്നത്.
1995ലെ വഖഫ് നിയമത്തിനെതിരെ ഹിന്ദു വിഭാഗത്തിൽ നിന്നുള്ള കക്ഷികൾ സമർപ്പിച്ച രണ്ട് ഹർജികളും കോടതിയുടെ പരിഗണനയിൽ വരും. നിലവിലെ ഭേദഗതികളുടെ സാധുതയെ ചോദ്യം ചെയ്യുന്നതാണ് ഭൂരിപക്ഷം ഹർജികളും. കേസിൽ കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ നിയമത്തിന് ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യവും ചില ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്.
