
ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് ഇളയരാജ നോട്ടീസ് അയച്ചു
അജിത്ത് കുമാര്‍ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമക്കെതിരെ നടപടിയുമായി ഇളയരാജ. താന്‍ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് അദ്ദേഹം നോട്ടീസ് അയച്ചത് .ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്.
നേരത്തെയും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്. സ്റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, ഗാനങ്ങളുടെ പകര്‍പ്പവകാശമുള്ള സറ്റുഡിയോ,വ്യക്തികള്‍,നിര്‍മാണ കമ്പനികള്‍ എന്നിവരില്‍ നിന്നും അനുവാദം നേടിയതിന് ശേഷമാണ് മിക്ക സിനിമകളും ഇളയരാജയുടെ ഗാനം ഉപയോഗിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഗുഡ് ബാഡ് അഗ്ലി നിര്‍മാതാക്കള്‍ ഇളയരാജയുടെ നോട്ടീസിനോട് നിലവില്‍ പ്രതികരിച്ചിട്ടില്ല.