സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നതായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഗവര്‍ണര്‍ ആര് എന്‍ രവിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കാതെ സത്യപ്രതിജ്ഞയെ മുറുകെ പിടിക്കണമെന്ന് സുപ്രീംകോടതി ആഹ്വാനം ചെയ്തിരിക്കുന്നു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലം തടഞ്ഞുവെച്ചതിനെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധവും തെറ്റുമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു. ഗവര്‍ണറുടെ നടപടി റദ്ദാക്കിയ സുപ്രീംകോടതി തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതായി കണക്കാക്കുന്നു എന്ന് കൂടി പറഞ്ഞുവെച്ചു. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കാതെ വരുന്നതോടെ ബില്‍ മരിച്ചു എന്നാണ് അര്‍ത്ഥമെന്നാണ് ഗവര്‍ണര്‍ ആര് എന്‍ രവി രണ്ട് കൊല്ലം പറഞ്ഞിരുന്നത്. ഗവര്‍ണറുടെ ഈ പ്രസ്താവനക്കുള്ള ചുട്ട മറുപടിയാണ് സുപ്രീംകോടതി നല്‍കിയത്.
‘ ഗവര്‍ണറുടെ ഓഫീസിനെ ഞങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നില്ല. പറയുന്നത് ഇത്രമാതം, ജനാധിപത്യ വ്യവസ്ഥകള്‍ക്ക് വിധേയമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം. ജനങ്ങളെയും ഇവരോട് ഉത്തരവാദിത്തമുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും ഇച്ഛാശക്തിയെ മാനിക്കണം. ഗവര്‍ണര്‍ ഒരു സുഹൃത്തും വഴികാട്ടിയുമായാണ് പ്രവര്‍ത്തിക്കേണ്ടത്. ഒരു രാഷ്ട്രീയക്കാരന് എന്ന നിലയിലല്ല പ്രവര്‍ത്തിക്കേണ്ടത് എന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്കി.
പഞ്ചാബ് സര്‍ക്കാര്‍ 2023 നല്കിയ ഹര്‍ജിയില്‍ നിയമനിര്‍മ്മാണ സഭയെ വീറ്റോ ചെയ്യാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും നിയമനിര്്മാണ സഭകളുടെ സാധാരണ നടപടിക്രമത്തെ തച്ചുടക്കാന്‍ ഗവര്‍ണര്‍ തന്റെ അധികാരം വിനിയോഗിക്കരുതെന്നും സുപ്രീംകോടതി നേരത്തെ പ്രസ്താവിച്ചിരുന്നു. ഈ വിധിന്യായവും കഴിഞ്ഞ ദിവസം സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു. പാര്‍ലമന്ററി ജനാധിപത്യ സംവിധാനങ്ങളോടും ജനങ്ങളുടെ ഇച്ഛാശക്തിയോടും അര്‍ഹമായ ആദരവോടെ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാരോട് ജസ്റ്റിസുമാരായ ജെ ബി പര്‍ധിവാല, ആര് മഹാദേവന് എന്നിവരുടെ ബഞ്ചിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ഗവര്‍ണര്‍ അധികാരങ്ങള്‍ വിനിയോഗിക്കുുമ്പോള് മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത് എന്നും ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ലെന്നും കോടതി അടിവരയിടുന്നു.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ ഇരുന്നൂറാം വകുപ്പിന് ഫെഡറല്‍ സംവിധാനത്തിലുള്ള പ്രാധാന്യം വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കുന്നുണ്ട്. തമിഴ്നാട്ടിലേതിനു സമാനമായി കേരള, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍മാരില്‍ നിന്നുണ്ടാകുന്നത്. അംഗീകാരത്തിനായി എത്തുന്ന ബില്ലുകള്‍ പരമാവധി വെച്ചുതാമസിപ്പിക്കുക എന്നതാണ് ഗവര്‍ണര്‍മാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍. ഇത് 1956 മുതലുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഏറ്റവും രൂക്ഷമായി കണ്ടുവരുന്നത്.
ബിജെപി യിതര സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. ബില്ലുകളിന്മേലുള്ള ഗവര്‍ണറുടെ തീരുമാനത്തിന് രാഷ്ട്രീയ സ്വാധീനം വന്നതോടെയാണ് കേന്ദ്രവും സംസ്ഥാനങ്ങളുമായുള്ള തര്‍ക്കമായി മാറിയത്. ബില്ലുകള്‍ ഗവര്‍ണറോ രാഷ്ട്രപതിയോ അംഗീകരിക്കണമെങ്കില്‍ ഉപാധികള്‍ വെക്കുന്ന സ്ഥിതി വരെയുണ്ടായി. ഇവിടെയാണ് ഫെഡറലിസത്തിന് കോട്ടം തട്ടുന്നുണ്ടോ എന്ന ആശങ്ക ഉടലെടുത്തത.് ഒരു ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ മാനിക്കുക എന്നത് അത്യാവശ്യമാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്. അത്തരം പ്രവണതകള്‍ക്കുള്ള കനത്ത മറുപടിയാണ് സുപ്രീംകോടതി നല്‍കിയത്. തികച്ചും രാഷ്ട്രീയലക്ഷ്യം വെച്ച് തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവെച്ച ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി കണക്കാക്കുന്നു എന്ന സുപ്രീംകോടതി വിധി തന്നെ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ചുള്ള ജനാധിപത്യ വ്യവസ്ഥിതിയില്‍ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അനുശാസിക്കുന്നുണ്ട്. അതുപാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇവിടെ രാഷ്ട്രീയം കളിച്ച് ജനാധിപത്യ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാഷ്ട്രീയ നേട്ടം കൈവരിക്കാമെന്ന ധാരണ ജനാധിപത്യത്തിന് ഭൂഷണമല്ല. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബഹുമാനിക്കുകയും ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഫലപ്രാപ്തിയിലെത്തുകയുള്ളൂ.
