പേരയും സ്ട്രോബറിയും ഇഷ്ടമല്ലാത്തവര്‍ ആരും തന്നെയില്ല. എന്നാല്‍ ഇവ രണ്ടും കൂടി ചേര്‍ന്നാല്‍ എങ്ങനെയുണ്ടാകും, അതാണ് സ്ട്രോബറി പേര (Strawberry guava). സ്ട്രോബറിയുടെ നിറവും പേരയ്ക്കയുടെ രൂപവുമുള്ള പഴമാണ് സ്ട്രോബറി പേരയ്ക്ക. രുചിയില്‍ മാത്രമല്ല പോഷക സമൃദ്ധവുമാണ് (Protein rich) ഈ ഫലം. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് നല്ല വിളവും ലഭിക്കും.
ചൈനീസ് പേരക്ക (Chinese guava), പര്‍പ്പിള്‍ പേരക്ക (Purple guava) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
വളര്‍ത്താന്‍ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളൊന്നും സ്ട്രോബറി പേരയ്ക്ക് ആവശ്യമില്ല. തറയിലും ചട്ടിയിലും വളര്‍ത്താം. സാധാരണ പേരയ്ക്ക പോലെ മഞ്ഞ നിറത്തിലുള്ള സ്ട്രോബറി പേര ലഭ്യമാണ്. പുളി കലര്‍ന്ന മധുരവും സുഗന്ധവുമാണ് സ്ട്രോബറി പേരയെ വ്യത്യസ്തമാക്കുന്നത്.
വിറ്റാമിന്‍ എ, സി, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് പേരയ്ക്ക. ഇവയില്‍ കട്ടി കുറഞ്ഞ നാരുകളായ പെക്റ്റിന്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ദഹനം സുഗമമാക്കുന്നതിനും ചെറിയ പഴങ്ങള്‍ ഉത്തമമാണ്. സ്ട്രോബെറി പേരയിലെ വിത്തുകളില്‍ ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യുന്നു.
സ്ട്രോബറി പേര എങ്ങനെ നടാം
കേരളത്തിലെ ഒട്ടുമിക്ക നഴ്സറികളിലും സ്ട്രോബറി പേരയുടെ തൈകള്‍ ലഭ്യമാണ്. വിളവ് കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതിനാല്‍ ആവശ്യക്കാര്‍ ധാരാളമുണ്ടാകും. ഇവയുടെ വളര്‍ച്ചയ്ക്ക് വലിയ പരിചരണമൊന്നും ആവശ്യമില്ല. തൈ നടാന്‍ നല്ല വെയില് ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കണം. തൈ നടാന്‍ മൂന്നോ-നാലോ അടി ആഴത്തില്‍ കുഴിയെടുക്കാം. ആദ്യം ചാണകപ്പൊടി, ചകിരിച്ചോര്‍, കമ്പോസ്റ്റ് എന്നിവ മണ്ണും ചേര്‍ത്ത് മൂടുക. ശേഷം ചെറിയ കുഴിയെടുത്ത് തൈ നടണം. മാത്രമല്ല കൃത്യസമയത്ത് നനച്ച് കൊടുക്കുകയും വേണം.
