
കോഴിക്കോട് ഫറോക്കിലാണ് പുതിയ അഡ്വഞ്ചർ പാർക്ക് തയ്യാറാക്കിയിരിക്കുന്നത്. റെസ്റ്റോറൻ്റ് , കുട്ടികളുടെ പാർക്ക്, സ്പീഡ് ബോട്ടിങ്, തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്
കോഴിക്കോട്: ഈ അവധിക്കാലം ആഘോഷിക്കാൻ ഒരു യാത്ര പ്ലാനിടുന്നുണ്ടെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട നേരെ കോഴിക്കോടേക്ക് പോകാം. ഫറോക്കിലെ റിവർ വേൾഡ് അഡ്വഞ്ചർ പാർക്കാണ് സഞ്ചാരികളെ വരവേൽക്കാനായി ഒരുങ്ങിയിരിക്കുന്നത്. ചാലിയാറിന് മീതെ പറക്കാൻ സിപ് ലൈൻ, പുഴ കടക്കാൻ റോപ്പ് കാർ, സ്പീഡ് ബോട്ടിങ്, കയാക്കിങ്, കുട്ടികളുടെ പാർക്ക്, റെസ്റ്റോറൻ്റ് എന്നിവയെല്ലാമായാണ് അഡ്വഞ്ചർ പാർക്ക് ഒരുങ്ങിയിരിക്കുന്നത്.
പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരവധി പദ്ധതികൾ ടൂറിസം വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അതിൽ കോഴിക്കോട് ജില്ലയിൽ പൂർത്തിയാകുന്ന ആദ്യത്തെ പദ്ധതിയാണ് റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക്. ഫറോക്ക് പുതിയ റസ്റ്റ് ഹൗസിന് സമീപത്ത് ചാലിയാർ പുഴയുടെ തീരത്ത് ആണ് പുതിയ സാഹസിക വിനോദ കേന്ദ്രം യാഥാർഥ്യമായിരിക്കുന്നത്. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഉള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഇടമാണിത്.കുട്ടികളുടെ പാർക്ക്, വിവിധ സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾ, ചലിയാറിന് കുറുകെ സിപ് ലൈൻ, റോപ്പ് കാർ, ചാലിയാറിൽ സ്പീഡ് ബോട്ട്, കയാക്കിങ്, ശിക്കാര ബോട്ട്, 180 അടി ഉയരത്തിൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന സ്കൈ ഡൈനിങ് എന്നിങ്ങനെ മലബാറിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്ക് തന്നെ പുത്തൻ ഉണർവ്വായിരിക്കും ഈ പുതിയ പാർക്കെന്നും മന്ത്രി കൂട്ടിച്ചേർത്തു.