
ഫുജൈറ: മേയ് 15 മുതൽ ഇൻഡിഗോ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസ് ആരംഭിക്കും. ആദ്യ ആഴ്ചയിൽ കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 22 മുതൽ കണ്ണൂരിലേക്ക് 615 ദിർഹമായി ഉയരും.
ഇൻഡിഗോയുടെ പുതിയ സർവീസ് ആരംഭിക്കുന്നതോടെ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ 1032 പേർക്കു കൂടി അധികം യാത്ര ചെയ്യാം. ഇതുൾപ്പെടെ ആഴ്ചയിൽ 10,394 പേർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.
കൂടാതെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ നിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യമുണ്ടെന്ന് എയർലൈൻ അറിയിച്ചു. ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളിൽ നിരക്കിളവ് ലഭിക്കും. ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും രാജ്യാന്തര തലത്തിൽ 41ാമത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സർവീസ് ഫുജൈറയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കുന്നതിന് സഹായകമാകും.