
ആലപ്പുഴ: സിഗ്നൽത്തകരാർ, അപകടസാധ്യത, തുടങ്ങിയവ മൂലമുള്ള വൈകൽ ഇല്ലാതാക്കുന്ന ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം സംസ്ഥാനത്തെ കൂടുതൽ റെയിൽവേസ്റ്റേഷനുകളിൽ ഒരുങ്ങുന്നു. റെയിൽവേ സിഗ്നലിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ 60 സ്റ്റേഷനുകളിലാണ് ഇത് സ്ഥാപിക്കുന്നത്. ഇത് 32 സ്റ്റേഷനുകളിൽ പൂർത്തിയായി.
നിലവിൽ പാനൽ ഇന്റർലോക്കിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. സ്റ്റേഷൻമാസ്റ്ററുടെ മുറിയിലെ പാനൽ ബോർഡിലെ സിഗ്നൽ സംവിധാനത്തിൽ മാറ്റം വരുത്തിയാണ് തീവണ്ടികൾ നിയന്ത്രിക്കുന്നത്. കംപ്യൂട്ടർ അധിഷ്ഠിത സംവിധാനമാണ് ഇലക്ട്രോണിക് ഇന്റർലോക്കിങ്. ഇതിലേക്ക് മാറുന്നതോടെ പാളിച്ചകൾ ഇല്ലാതാകും. മനുഷ്യസഹജമായ പിഴവുകളോ പുറത്ത് നിന്നുള്ള ഇടപെടലോ സിഗ്നൽ സംവിധാനത്തെ ബാധിക്കില്ല. അത്യാവശ്യഘട്ടങ്ങളിൽ ഉടനടി സിഗ്നലിൽ മാറ്റം വരുത്താം. അപകട സാഹചര്യമുണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ സിഗ്നലിൽ മാറ്റം വരുത്തി സുരക്ഷിതമാക്കാം. സിഗ്നൽ തകരാറുമൂലം സമയക്രമം പാലിക്കാനാകാത്തതിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം സെൻട്രൽ, നോർത്ത്, കൊല്ലം ജങ്ഷൻ, ആലപ്പുഴ, കോട്ടയം, എറണാകുളം ജങ്ഷൻ, ടൗൺ, തൃശ്ശൂർ, ചേർത്തല, ഹരിപ്പാട് ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ ഈ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. തിരുനെൽവേലി മുതൽ വള്ളത്തോൾ നഗർ വരെയുള്ള റെയിൽവേ സ്റ്റേഷനുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴിൽ വരുന്നത്. 103 സ്റ്റേഷനുകളുള്ളതിൽ 60 ബ്ലോക്ക് സ്റ്റേഷനുകളിലാണ് ഇന്റർലോക്കിങ് സംവിധാനമേർപ്പെടുത്തുന്നത്.