
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മത്സരത്തിന് പിന്നാലെ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് താരം കെ എൽ രാഹുൽ. വിക്കറ്റ് കീപ്പിങ് ചെയ്തപ്പോൾ പിച്ചിന്റെ സ്വഭാവം ശരിക്കും മനസിലാക്കിയെന്ന് താരം പറഞ്ഞു.
‘ഇതൊരു അല്പം ബുദ്ധിമുട്ടുള്ള വിക്കറ്റായിരുന്നു. പക്ഷേ 20 ഓവർ വിക്കറ്റ് കീപ്പിങ് ചെയ്തതുകൊണ്ട് പിച്ചിന്റെ സ്വഭാവം ഞാൻ നിരീക്ഷിച്ചിരുന്നു. പന്ത് ഒരൽപ്പം പതിയെയായിരുന്നു ബാറ്റിലേക്ക് വന്നിരുന്നത്. മത്സരത്തിൽ ഉടനീളം ഇങ്ങനെ തന്നെയായിരുന്നു പിച്ചിന്റെ സ്വഭാവം. അതുകൊണ്ട് മികച്ച ഇന്നിങ്സിന് ഏതൊക്കെ ഷോട്ടുകൾ കളിക്കണമെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് ഒരു വലിയ സിക്സർ നേടണമെങ്കിൽ, ഏത് ഷോട്ട് കളിച്ചാൽ അത് നേടാൻ കഴിയുമെന്ന് അറിയാമായിരുന്നു. വിക്കറ്റ് കീപ്പിങ് ചെയ്തിരുന്നപ്പോൾ മറ്റ് ബാറ്റർമാർ പുറത്തായതും അവർ എങ്ങനെയാണ് സിക്സറുകൾ നേടിയതെന്നതും എനിക്ക് പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണ നൽകി. ചിന്നസ്വാമി സ്റ്റേഡിയം എന്റെ ഹോം ഗ്രൗണ്ടാണ്. മറ്റാരെക്കാളും എനിക്ക് ഈ ഗ്രൗണ്ടിനെക്കുറിച്ച് അറിയാം’, കെ എൽ പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 53 പന്തിൽ ഏഴ് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 93 റൺസാണ് രാഹുൽ നേടിയത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ആറ് വിക്കറ്റിന്റെ വിജയവും നേടി. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചു.