
ജർമ്മനിയിലെ നഴ്സിങ് ഒഴിവുകളിലേക്കുള്ള നോർക്ക റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി. പുതിയ അറിയിപ്പ് പ്രകാരം ഏപ്രില്‍ 14 യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള (ഹോസ്പ്പിറ്റല്‍) നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലൂടെ 250 ഓളം ഒഴിവുകള്‍ നികത്താനാണ് ഉദ്ദേശിക്കുന്നത്.
നേരത്തെ ഏപ്രില്‍ ആറ് ആയിരുന്നു അപേക്ഷ ലഭിക്കാനുള്ള അവസാന തിയതിയായി നിശ്ചിയിച്ചിരുന്നത്. ഇതാണ് 14 വരെ നീട്ടിയിരിക്കുന്നത്. ഇതിനോടകം നിരവധി വിദ്യാർത്ഥികളെ ജർമ്മനിയിലേക്ക് റിക്രൂട്ട് ചെയ്ത നോർക്കയുടെ വിജയകരമായ പദ്ധതിയാണ് ട്രിപ്പിള്‍ വിൻ.
എങ്ങനെ അപേക്ഷ നല്‍കാം
ഉദ്യോഗാര്‍ത്ഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ലിങ്ക് വഴി (സ്ക്രോളിങ്) അപേക്ഷ നല്‍കാവുന്നതാണ്. യോഗ്യത ബി എസ് സി/ജനറൽ നഴ്സിങാണ് അടിസ്ഥാന യോഗ്യത. ബി എസ് സി/ പോസ്റ്റ് ബേസിക് ബി എസ് സി യോഗ്യതയുളളവര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്സിങ് പാസ്സായവര്‍ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മെയ് 31ന് 38 വയസ്സ് അധികരിക്കരുത്. ഷോര്‍ട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവര്‍ക്കായുളള അഭിമുഖം 2025 മെയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും.
ശമ്പളം എത്ര
കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. ഇന്ത്യന്‍ രൂപയിലേക്ക് കണക്കാക്കുയാണെങ്കില്‍ 2.70 ലക്ഷത്തിന് മുകളില്‍ വരും ഇത്. പദ്ധതിയിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ പരിജ്ഞാനം നിര്‍ബന്ധമില്ല. എന്നാല്‍ ഇതിനോടകം ജര്‍മ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കുന്നതാണ്.