
ഇപ്പോഴുള്ള സിഎന്‍ജി ഓട്ടോറിക്ഷകളെയും ഘട്ടംഘട്ടമായി ഒഴിവാക്കി രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണമായി ഇ-ഓട്ടോകള്‍ മാത്രമാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഡല്‍ഹി സര്‍ക്കാരിന്റെ കരട് വൈദ്യുതവാഹനനയത്തില്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദേശമുണ്ട്. വായുമലിനീകരണമടക്കം പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്ന തലസ്ഥാനത്തെ ഗതാഗതസംവിധാനങ്ങള്‍ പരിസ്ഥിതിസൗഹൃദമാക്കാനാണ് ഈ നീക്കം. വൈദ്യുതബസുകള്‍ വ്യാപകമാക്കാനുള്ള തീരുമാനത്തിന് പുറമേയാണ് വൈദ്യുത വാഹനനയം പുതുക്കുന്നത്.
കരടുനയം സംസ്ഥാനമന്ത്രിസഭ ചര്‍ച്ചചെയ്തശേഷം ഭേദഗതികളോടെ നടപ്പാക്കും. ഈവര്‍ഷം ഓഗസ്റ്റ് 15 മുതല്‍ പുതുതായി സിഎന്‍ജി ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് അനുവദിക്കരുതെന്ന് കരടുനയത്തില്‍ വ്യക്തമാക്കുന്നു. നിലവിലുള്ളവയുടെ രജിസ്ട്രേഷൻ പുതുക്കില്ല. 10 വര്‍ഷം കഴിഞ്ഞ സിഎന്‍ജി ഓട്ടോകള്‍ ബാറ്ററി ഘടിപ്പിച്ച് ഇ ഓട്ടോകളാക്കിയാല് പെര്‍മിറ്റ് നല്‍കും. 2026 ഓഗസ്റ്റ് 15 മുതല്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി ഇന്ധനത്തിലോടുന്ന ഇരുചക്രവാഹനങ്ങള്‍ അനുവദിക്കരുതെന്നും കരടിൽ പറയുന്നു.കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കീഴിലുള്ള മാലിന്യശേഖരണ വാഹനങ്ങളും വൈദ്യുതവാഹനങ്ങളാക്കി മാറ്റണമെന്നാണ് ശുപാര്‍ശ. 2027 ഡിസംബര്‍ 31-നകം ഇതും പൂര്‍ത്തിയാക്കണം എന്നും നിർദേശിത്തിൽ പറയുന്നു.