
വെള്ളാപ്പള്ളി നടേശന് പറഞ്ഞതിലും മോശമായ കാര്യങ്ങള്‍ സിപിഐഎം പറഞ്ഞിട്ടുണ്ടെന്നും ആ വഴിയിലാണ് വെള്ളാപ്പള്ളി നടക്കുന്നതെന്നും കെ എം ഷാജി
കോഴിക്കോട്: സിപിഐഎം സംഘപരിവാറിന് വേണ്ടി വഴിവെട്ടുകയാണെന്ന് വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ഹിന്ദു പത്രത്തില്‍ വന്നതിന്റെ വെള്ളാപ്പള്ളി നടേശന് വേര്‍ഷന്‍ ആണ് മലപ്പുറത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന് പറഞ്ഞതിലും മോശമായ കാര്യങ്ങള്‍ സിപിഐഎം പറഞ്ഞിട്ടുണ്ടെന്നും ആ വഴിയിലാണ് വെള്ളാപ്പള്ളി നടക്കുന്നതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
ഒരു മുടക്കും ഇല്ലാത്ത വൈകാരികതയെയാണ് സിപിഐഎം പിന്തുണയ്ക്കുന്നത്. വെള്ളാപ്പള്ളിയെയോ പി സി ജോര്‍ജിനെയോ പിണറായി വിജയന് എതിര്‍ക്കാത്തത് വോട്ട് പോകുമെന്ന് ഭയമുള്ളതുകൊണ്ടാണ്. ഒരു മുടക്കും ഇല്ലാത്തതിനാലാണ് പലസ്തീനെയും സദ്ദാം ഹുസൈനെയും പിന്തുണച്ചത്. കേരളത്തില്‍ ജൂതന്മാരുടെ വോട്ടില്ലാത്തതിനാലാണ് ഇസ്രയേലിനെ എതിര്‍ക്കുന്നത്, കെ എം ഷാജി പറഞ്ഞു.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍ താന്‍ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.