
തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടെയ്നര്‍ വാഹക കപ്പലുകളിലൊന്നായ ‘എംഎസ്സി തുര്‍ക്കി’ ഇന്ന് വിഴിഞ്ഞം ബെര്‍ത്തില്‍ എത്തും. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്സി) യുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിന്റ വിഴിഞ്ഞത്തേക്കുള്ള വരവ് ഇന്ത്യന്‍ സമുദ്ര വ്യാപാരത്തിന്റെ ഒരു പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, പരിസ്ഥിതി സൗഹൃദപരമായി നിര്‍മ്മിച്ചിരിക്കുന്ന, വളരെ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന കപ്പലെന്ന പ്രത്യേകതയ്ക്കും ഉടമയാണ് എംഎസ്സി തുര്‍ക്കി. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമന് കപ്പല്‍ ആദ്യമായിട്ടാണ് എത്തുന്നത്, അത് വിഴിഞ്ഞത്തേക്ക് ആണ് എന്നത് കേരളത്തിന്റെ യശസ്സ് ഒന്നുകൂടെ ഉയർത്തുമെന്നതിൽ സംശയമൊന്നുമില്ല.
399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുള്ള കപ്പലിന് ഏകദേശം 24,346 സ്റ്റാന്‍ഡേര്‍ഡ് കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്.കപ്പൽ കഴിഞ്ഞ ദിവസം എത്തേണ്ടതായിരുന്നെങ്കിലും ഷെഡ്യൂളിലെ മാറ്റം മൂലം ഇന്നാണ് വിഴിഞ്ഞത്തെത്തുക എന്നാണ് വിവരം.വിഴിഞ്ഞം തുറമുഖം വഴി ഇതുവരെ അഞ്ച് ലക്ഷം ടിഇയു ചരക്കുനീക്കം നടന്നതായാണ് വിവരം. 246 കപ്പലുകളിലായി 5,01,847 ടിഇയു ചരക്കുനീക്കമാണ് വിഴിഞ്ഞം വഴി നടത്തിയത്. ആദ്യഘട്ടത്തിൽ വാർഷിക ശേഷിയായി കണക്കാക്കിയിരിക്കുന്നത് 10 ലക്ഷം ടിഇയു ആണ്. 2024 ജൂലൈയിലാണ് വിഴിഞ്ഞത്ത് ട്രയൽ ഓപ്പറേഷൻ തുടങ്ങിയത്. പിന്നീട് ഡിസംബറിൽ കൊമേഴ്ഷ്യൽ ഓപ്പറേഷൻ തുടങ്ങി. മാര്‍ച്ച് മാസത്തില്‍ മാത്രം 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്.