വിവാദ പെരുമഴയിൽ മുങ്ങി നിൽക്കുന്ന എമ്പുരാൻ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. തന്റെ ഫേസ്ബുക്കിൽ പോസ്റ്റിലൂടെയാണ് എമ്പുരാനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ‘എമ്പുരാന്’ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സന്ദേശമെന്താണ് എന്ന് ഫേസ് ബുക്കിൽ പങ്കിട്ട കുറിപ്പിലൂടെ അദ്ദേഹം ചോദിച്ചു.
എഫ്ബി പോസ്റ്റിന്റെ പൂർണ രൂപം
ആരവങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയപ്പോള് അനുബന്ധ നാടകങ്ങളുമായി കേന്ദ്ര ഏജന്‍സികള്‍ എമ്പുരാന് പടച്ചവര്ക്കെതിരെ വട്ടമിട്ടു പറക്കുന്നു. ഈ തിരക്കിനിടെ നമ്മള് പറയാനോ ചര്‍ച്ച ചെയ്യാനോ വിട്ടുപോയ ചില കാര്യങ്ങളാണ് ഇപ്പോള്‍ പറയണമെന്ന് തോന്നുന്നത്.
എമ്പുരാന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സന്ദേശം
-വര്‍ഗ്ഗീയ സംഘട്ടനങ്ങളുണ്ടാക്കി കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല ചെയ്യുന്ന സംഘപരിവാര്‍ ക്രൂരതയ്ക്കെതിരെ മതനിരപേക്ഷ വാദികള്‍ തീവ്രമായി പ്രതികരിക്കാന്‍ തയ്യാറാകണം എന്നാണോ ? (ഇത് ശരിയായ ദിശയില്‍ അവതരിപ്പിക്കാനോ പ്രതിരോധം ഉയര്‍ത്താനോ ഓര്‍മ്മിപ്പിക്കാനോ ശ്രമമുണ്ടായതായി തോന്നുന്നില്ല. വിഷയങ്ങളുടെ ആധിക്യം കാരണം കാര്യങ്ങള്‍ തൊട്ടുതലോടി പോവുകയാണുണ്ടായത്.)
-ലോകത്തെ രാഷ്ട്രീയ ചലനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് സമാന്തര സാമ്പത്തിക ഘടനയും ആയുധ വിപണിയും കൈയ്യടക്കി വച്ചിരിക്കുന്ന അന്താരാഷ്ട്ര മാഫിയ, മയക്കുമരുന്ന് ഏജന്‍സികള്‍ ആണെന്നാണോ ? രാജ്യാതിര്‍ത്തിക്കപ്പുറമുള്ള മാഫിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രങ്ങളേക്കാള്‍ നല്ലത് ഈ സംഘങ്ങള്ക്കിടയില്ത്തന്നെയുള്ള നന്മ മരങ്ങളോ പ്രതികാര ദാഹികളോ ആണെന്നാണോ ?
-കേരള രാഷ്ട്രീയത്തെ അപഗ്രഥിക്കുമ്പോഴും ഈ മാഫിയകളുടെ നിയന്ത്രണത്തിലാണ് എന്ന സന്ദേശം നല്കലോ ?
-ടെക്നോളജിയുടെയും ഹോളിവുഡ് ശൈലികളുടെയും പിന്‍ബലത്തിലുള്ള സംഘര്‍ഷ സംഘട്ടനങ്ങള്‍ സൃഷ്ടിക്കുന്ന അവിശ്വസനീയമായ ഇല്യൂഷന്‍ കാഴ്ചകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു എന്നതാണോ ?
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ എന്താണ് എമ്പുരാന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിന് വ്യക്തതയൊന്നുമില്ല. പലതരം വിഷയങ്ങള്‍ കൂട്ടിക്കലര്‍ത്തി തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ കൈയ്യിലൊതുങ്ങാത്ത തിരക്കഥ, അഥവാ കഥാകൃത്തിന് പോലും വേണ്ടത്ര ധാരണയുണ്ടോയെന്ന സംശയം തോന്നുന്ന കഥാസൃഷ്ടി. ഇതെല്ലാം കാരണം കൈയ്യടക്കം നഷ്ടപ്പെട്ട ഒരു ജംബോ സര്‍ക്കസ് മാത്രമായി തീരുന്നു എമ്പുരാന്.
വ്യക്തതയോടെ ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ അഥവാ സാധിക്കാതെ സിനിമയെന്ന നിലയില്‍ ഒരു ദൃശ്യവിസ്മയം വെടിക്കെട്ട് പോലെ കാണിച്ച് ഒരാള്‍ 50 പേരെ നിഷ്പ്രയാസം നേരിടുന്ന പഴയകാല പ്രേംനസീര്‍, ജയന് കഥാപാത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന എമ്പുരാന്, സര്‍ഗ്ഗാത്മകതയുടെ അരികില്‍ പോലുമെത്താത്ത ഒരു ദുരനുഭവം മാത്രമാണ്.
ആകെയുള്ളത് ഗുജറാത്ത് കലാപത്തിന്റെ ക്രൗര്യവും മനുഷ്യത്വ വിരുദ്ധതയും അപകടകരമായ ആള്‍ക്കൂട്ട മനശാസ്ത്രവും സിനിമയില്‍ കാണിക്കാന്‍ കഴിഞ്ഞു എന്നതാണ്. ഇതാകട്ടെ അസഹിഷ്ണുക്കളായ സംഘികളുടെ ഏകപക്ഷീയവും തുടര്‍ച്ചയുള്ളതുമായ ആക്രമണങ്ങളിലൂടെ തമസ്കരിക്കപ്പെടുകയുമാണ്. അതിനപ്പുറം എമ്പുരാന് സംവേദനം ചെയ്യുന്ന വികാര പ്രവാഹങ്ങള്‍ വല്ലതുമുണ്ടോ ?
