പാലക്കാട്: കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അലന്റെ നെഞ്ചിന് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആനയുടെ കൊമ്പ് നെഞ്ചിനകത്ത് കുത്തി കയറിയിരുന്നു. വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. ആന്തരിക രക്തസ്രാവം സംഭവിച്ചുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.നഷ്ടപരിഹാരത്തുക അഞ്ചുലക്ഷവും ചികിത്സ ധനസഹായം ആദ്യ ഗഡു ഒരു ലക്ഷം ഉടൻ കൈമാറാൻ തീരുമാനമായി. വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശം നൽകിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഏറ്റുവാങ്ങി സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരാഴ്ചയായി 3 കാട്ടാനകൾ പ്രദേശത്ത് തമ്പടിച്ചിരുന്നു. ഇന്നലെ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടും നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാത്തത് വനം വകുപ്പിൻ്റെ ഭാഗത്തെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഇന്നലെ വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻചോലയ്ക്ക് സമീപമായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്.
