
കൊച്ചി: ഹിന്ദുസ്ഥാന്‍ പവർ ലിമിറ്റഡ് കമ്പനിയിലെ തൊഴില്‍ പീഡനത്തില്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്ഥലത്തും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും ശിവന്‍കുട്ടി പറഞ്ഞു. വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇനി ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശക്തമായ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു തരത്തിലുള്ള തൊഴില്‍ പീഡനവും അനുവദിക്കില്ല. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് എറണാകുളം ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോകില്ല. ഇത്തരത്തില്‍ ഒരു സ്ഥാപനത്തെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഒരു തൊഴിലാളിയാണെങ്കില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല, മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പത്തിരുപത് വര്‍ഷമായി കലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ പവർ ലിമിറ്റഡ്.
ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരോടാണ് മാനേജരുടെ ക്രൂര പീഡനം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ഈ ക്രൂര പീഡനം. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് പീഡനം. പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചുവരുത്തുന്നത്. വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുന്നത്.
തൊഴിലാളികളെ അടിവസ്ത്രത്തിൽ നിർത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരൻ പറയുന്നു. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ടാർഗറ്റ് ഇല്ലെന്നാണ് ആദ്യം പറയുക എന്നാൽ വൈകാതെ ഉടമകൾ അത് തലയിൽ വെച്ച് കെട്ടുമെന്ന് സ്ഥാപനത്തിൽ ജോലിചെയ്തിരുന്നയാൾ പറഞ്ഞു. ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കിൽ അതിനനുസരിച്ച് അവർ ശിക്ഷകൾ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കിൽ അവരെ രാത്രിയിൽ വിളിച്ചുവരുത്തി നനഞ്ഞ തോർത്ത് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്. പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും മാറ്റം ഉണ്ടായില്ലെന്ന് മുൻ ജീവനക്കാരൻ പറയുന്നു.
സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുൻപും ഇതേ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. സ്ഥാപനത്തിൽ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്.