തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ എസ്എഫ്ഐഒ ചോദ്യം ചെയ്യുന്നത് പിണറായിയുടെ ഇമേജ് വര്‍ധിപ്പിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാ വസ്തുതകളും ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും നശിപ്പിക്കുന്നതിന് വേണ്ടി ഏത് നെറികെട്ട സമീപനവും സ്വീകരിക്കുമെന്നുള്ളതിന്റെ ആദ്യത്തെ തെളിവായിരുന്നു ലാവ്ലിന് കേസ്.
പിണറായി വിജയന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേയും ഇമേജ് വര്‍ധിക്കുക മാത്രമല്ല, ഒരാളെയും ഇതുപോലെ വേട്ടയാടാൻ പാടില്ലെന്ന സന്ദേശം കൂടി ഇതോടുകൂടി പൊതുസമൂഹം അറിയുമെന്നും എ.കെ.ബാലന് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ, സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് സേവനം നല്‍കാതെ 2.70 കോടിരൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒയുടെ കുറ്റപത്രം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എഫ്ഐഒ, എറണാകുളം ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രം ഇനി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം തുടക്കം മുതൽ തന്നെ ആരോപിക്കുന്നത്.വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത, സിഎംആര്‍എല്ലിലെ മറ്റുചില ഉദ്യോഗസ്ഥര്‍, സിഎംആര്‍എല്‍, എക്സാലോജിക് കമ്പനി എന്നിവരും കേസില്‍ പ്രതികളാണ്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്ഐഒ അന്വേഷണത്തില്‍ കണ്ടെത്തി. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന് കര്‍ത്തയുടെ മരുമകന് അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന് ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
