നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (എന്‍ എച്ച് എസ് ആര് സി എല്‍ ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 71 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ലക്ഷ്യമിടുന്നത്. താല്‍പ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് nhsrcl.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24 ആണ്.
ജൂനിയര്‍ ടെക്നിക്കല്‍ മാനേജര്‍ (സിവില്‍), ജൂനിയര്‍ ടെക്നിക്കല്‍ മാനേജര്‍ (ഇലക്ട്രിക്കല്‍), ജൂനിയര്‍ ടെക്നിക്കല്‍ മാനേജര്‍ (എസ്എന്‍ടി), ജൂനിയര്‍ ടെക്നിക്കല്‍ മാനേജര്‍ (ആര്‍എസ്), അസിസ്റ്റന്റ് ടെക്നിക്കല്‍ മാനേജര്‍ (ആര്‍ക്കിടെക്ചര്‍), അസിസ്റ്റന്റ് ടെക്നിക്കല്‍ മാനേജര്‍ (ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍), അസിസ്റ്റന്റ് മാനേജര്‍ (സംഭരണം), അസിസ്റ്റന്റ് മാനേജര്‍ (ജനറല്‍) എന്നീ തസ്തികകളിലേക്കാണ് നിയമനം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, വ്യക്തിഗത അഭിമുഖം, ഓരോ തസ്തികയ്ക്കും നിശ്ചയിച്ചിട്ടുള്ള മെഡിക്കല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി മെഡിക്കല്‍ പരീക്ഷ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് ഘട്ടങ്ങളായുള്ള വിലയിരുത്തല്‍ ആയിരിക്കും സെലക്ഷന് പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. അതേസമയം ലഭിച്ച അപേക്ഷകളുടെ എണ്ണത്തെ ആശ്രയിച്ച് സെലക്ഷന് പ്രക്രിയയുടെ ഏത് ഘട്ടത്തിലും മാറ്റം വരുത്താനോ ഒഴിവാക്കാനോ മാനേജ്മെന്റിന് അവകാശമുണ്ടായിരിക്കും. ജൂനിയര്‍ ടെക്നിക്കല്‍ മാനേജര്‍ (സിവില്‍), ജൂനിയര്‍ ടെക്നിക്കല്‍ മാനേജര്‍ (ഇലക്ട്രിക്കല്‍), ജൂനിയര്‍ ടെക്നിക്കല്‍ മാനേജര്‍ (എസ്എന്‍ടി), ജൂനിയര്‍ ടെക്നിക്കല്‍ മാനേജര്‍ (ആര്‍എസ്) എന്നീ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ മുതല്‍ 1,40,000 രൂപ വരെ ശമ്പളം ലഭിക്കും. അസിസ്റ്റന്റ് ടെക്നിക്കല്‍ മാനേജര്‍ (ആര്‍ക്കിടെക്ചര്‍), അസിസ്റ്റന്റ് ടെക്നിക്കല്‍ മാനേജര്‍ (ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍), അസിസ്റ്റന്റ് മാനേജര്‍ (സംഭരണം), അസിസ്റ്റന്റ് മാനേജര്‍ (ജനറല്‍) എന്നീ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 രൂപ മുതല്‍ 1,60,000 രൂപ വരെ ശമ്പളം ലഭിക്കും.
എന്താണ് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ്?
ഇന്ത്യയില്‍ ഹൈ-സ്പീഡ് ട്രെയിന്‍ കോറിഡോര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരുകളുടെയും പങ്കാളിത്തതോടെ രൂപീകരിച്ച സംയുക്ത മേഖലാ കമ്പനിയാണ് എന്‍ എച്ച് എസ് ആര് സി എല്‍. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് റെയില്‍ കോറിഡോര്‍ നിര്‍മ്മിക്കുന്നതിനുമായി റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖല ലക്ഷ്യം വെക്കുന്ന പദ്ധതികളില്‍ ഒന്നാണിത്.
