കോഴിക്കോട്: സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ പരിശോധന അവസാനിച്ചു. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ നിന്ന് മടങ്ങി. പരിശോധനയുടെ ഭാഗമായി ഗോകുലം ഗോപാലനെയും ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതായാണ് സൂചന.
ഇന്ന് രാവിലെ ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെ ഓഫീസിലാണ് ഇഡി സംഘം ആദ്യം റെയ്ഡ് നടത്തിയത്. ഇതിനുപിന്നാലെ കോഴിക്കോട്ടെ കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇഡിയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ട് റെയ്ഡിനെത്തിയത്. ഇഡി സംഘം എത്തുമ്പോള്‍ ഗോകുലം ഗോപാലന് ഡയറക്ടര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. തുടര്‍ന്ന് യോഗം തീരാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയും ഇതിനുശേഷം പരിശോധന ആരംഭിക്കുകയുമായിരുന്നു.
വൈകീട്ട് മൂന്ന് മണിയോടെയാണ് കോഴിക്കോട് ഓഫീസിലെ റെയ്ഡ് അവസാനിച്ചത്. കൊച്ചിയില്‍ നിന്നെത്തിയ ഇഡി സംഘം അവിടേക്ക് തന്നെയാണ് മടങ്ങുന്നതെന്നാണ് വിവരം. അതേസമയം, ചെന്നൈയിലെ ഓഫീസില്‍ ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. വിദേശനാണയ വിനിമയച്ചട്ട ലംഘന(ഫെമ)വുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇന്ന് ഇഡി പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല.
