വഖഫ് ബിൽ സാമൂഹിക സാമ്പത്തിക നീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വളരെ കാലമായി പിന്നോക്കം നിൽക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ ബില്ല് സഹായിക്കുമെന്ന് അദേഹം പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.കൂടാതെ പാർലമെന്ററി കമ്മിറ്റി ചർച്ചകളിൽ പങ്കെടുത്ത് നിയമനിർമ്മാണം ശക്തിപ്പെടുത്തുന്നതിന് സംഭാവനകൾ നൽകിയ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും നരേന്ദ്ര മോദി നന്ദി അറിയിച്ചു. പാർലമെന്ററി കമ്മിറ്റിക്ക് വിലപ്പെട്ട അഭിപ്രായങ്ങൾ നൽകിയവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
വഖഫ് സമ്പ്രദായം സുതാര്യതയുടെയും ഉത്തരവാദിത്വത്തിന്റെയും അഭാവത്തിൽ ആയിരുന്നു. മുസ്ലിം സ്ത്രീകളുടെയും ദരിദ്രരായ മുസ്ലിങ്ങളുടെയും താല്പര്യങ്ങൾക്ക് അത് ദോഷം ചെയ്തു. ഓരോ പൗരന്റെയും അന്തസിന് മുൻഗണന നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെയാണ് നമ്മൾ കൂടുതൽ ശക്തമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതെന്ന് അദേഹം എക്സ് പോസ്റ്റിൽ വ്യക്തമാക്കി. നീണ്ട ചർച്ചക്കൊടുവിലാണ് രാജ്യസഭയിലും ബില്ല് പാസായത്. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു.
