ലോക്സഭ പാസാക്കിയ വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഇന്ന് ഒരു മണിക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. രാജ്യസഭ കടന്നാൽ ബില്ലിന് പാർലമെന്റിന്റെ അംഗീകാരം ലഭിക്കും. തുടർന്ന് ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും.
ബിൽ വ്യവസ്ഥകൾ ഉയർത്തിയും ന്യൂനപക്ഷവിഭാഗങ്ങളോടുള്ള സമീപനം വിചാരണ ചെയ്തും ആരോപണ-പ്രത്യാരോപണങ്ങൾ ആയുധമാക്കിയും ഭരണ-പ്രതിപക്ഷങ്ങൾ പങ്കെടുത്ത വാക്യുദ്ധത്തിനുശേഷം ഇന്നലെ അർധരാത്രിയോടെയാണ് ബിൽ പാസാക്കിയത്. 283 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെലുഗുദേശം പാർട്ടി (ടിഡിപി), ജെഡിയു, എൽജെപി, ആർഎൽഡി ഉൾപ്പെടെയുള്ള എൻഡിഎ ഘടകകക്ഷികൾ ബില്ലിനെ പിന്തുണച്ചു. 232 എംപിമാർ ബില്ലിനെ എതിർത്ത് വോട്ടുചെയ്തു. 12 മണിക്കൂറിലേറെ ചർച്ച നീണ്ടു. ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി എതിർത്തു.
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകി മധുരയിലെത്തിയിരുന്ന സിപിഎം അംഗങ്ങൾ മടങ്ങിയെത്തി ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തി. കേരളത്തിലെ മുനമ്പം വിഷയവും ചർച്ചയ്ക്കിടെ രൂക്ഷമായ വാക്കുതർക്കത്തിന് ഇടയാക്കി. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിൽ നിന്നുള്ള മറ്റംഗങ്ങളും തമ്മിൽ രണ്ട് തവണ തർക്കമുണ്ടായി. ചർച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവും മറുപടി നൽകി. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികളെല്ലാം തള്ളി. സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നേരത്തേ ശുപാർശചെയ്ത 14 ഭേദഗതികൾ സർക്കാർ നിർദേശമായി ഉൾപ്പെടുത്തിയാണ് ബിൽ പാസാക്കിയത്.
