ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായകൻ രജത് പാട്ടീദാർ. പവർപ്ലേയ്ക്ക് ശേഷം 190 റൺസ് എത്താനുള്ള ശ്രമമാണ് ആർസിബി നടത്തിയത്. എന്നാൽ പവർപ്ലേയിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായെന്ന് താരം പറഞ്ഞു.
‘ആർസിബിയുടെ പ്രകടനം മികച്ചതാണ്. എന്നാൽ പവർപ്ലേയിൽ വിക്കറ്റ് നഷ്ടമായത് മികച്ച സ്കോറിലേക്കെത്തുന്നതിന് തടസമായി. പിച്ചിലെ സാഹചര്യങ്ങൾ വൈകിയാണ് ബാറ്റർമാർക്ക് അനുകൂലമായത്. ജിതേഷ് ശർമ, ലയാം ലിവിങ്സ്റ്റൺ, ടിം ഡേവിഡ് എന്നിവരുടെ മികച്ച പ്രകടനം ആർസിബിക്ക് പ്രതീക്ഷ നൽകുന്നു. ബൗളർമാർ മികച്ച പ്രകടനം നടത്തി. 170 എന്ന സ്കോർ പ്രതിരോധിക്കാൻ ശ്രമിച്ചു. 18-ാം ഓവർ വരെ മത്സരം ആവേശകരമായി മുന്നോട്ടുകൊണ്ടുപോകാനും ആർസിബി ബൗളർമാർക്ക് കഴിഞ്ഞു’, മത്സരശേഷം രജത് പാട്ടീദാർ പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് എട്ട് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെട്ടത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. മറുപടി പറഞ്ഞ ഗുജറാത്ത് ടൈറ്റൻസ് 17.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു
