നസ്ലിന്, ഗണപതി, ലുക്ക്മാന്‍ അവറാന്, അനഘ രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിങ് പൂര്‍ത്തി ആയിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് സിനിമയ്ക്ക് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. പുത്തന്‍ പോസ്റ്റര്‍ പങ്കുവെച്ച് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഏപ്രില്‍ 10ന് വിഷു റിലീസായി ചിത്രം തിയേറ്ററിലെത്തും. കോളേജ് പഠനത്തിന് അഡ്മിഷന് ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയില്‍ ബോക്സിങ് വിഭാഗത്തില്‍ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാന് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പ്ലാന്‍ ബി മോഷന്‍ പിക്ചേര്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്, ജോബിന് ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഖാലിദ് റഹ്മാന് തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിന് പരാരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതുന്നത്.
