2027ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കാൻ ശ്രമിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസ താരം വിരാട് കോഹ്ലി. മുംബൈയിൽ ഒരു പരിപാടിക്കിടെയാണ് കോഹ്ലി തന്റെ ആഗ്രഹം വ്യക്തമാക്കിയത്. ഭാവിയിൽ അടുത്തതായി ചെയ്യാൻ ആഗ്രഹിക്കുന്ന വലിയ കാര്യത്തെക്കുറിച്ച് പരിപാടിയുടെ അവതാരക കോഹ്ലിയോട് ചോദിച്ചിരുന്നു. 2027 ഏകദിന ലോകകപ്പ് നേടാനായി ശ്രമിക്കുന്നതാവും തന്റെ അടുത്ത വലിയ ആഗ്രഹമെന്ന് കോഹ്ലി പറഞ്ഞു. 2011ല് എം എസ് ധോണിയുടെ ടീം ഏകദിന ലോകകപ്പ് നേടിയപ്പോൾ വിരാട് കോഹ്ലിയും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. പിന്നീട് 2015ലും 2019ൽ കോഹ്ലി നായകനായപ്പോഴും ഇന്ത്യ സെമി ഫൈനലിൽ പരാജയപ്പെട്ടു. 2023ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടിരുന്നു.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനായി ആണ് കോഹ്ലി കളിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്ലിന്റെ 18-ാം പതിപ്പിൽ ആദ്യ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് വിരാട് കോഹ്ലിയും റോയൽ ചലഞ്ചേഴ്സും. ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളിലും റോയൽ ചലഞ്ചേഴ്സ് വിജയിച്ചിട്ടുണ്ട്.
