
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്ന് പോസ്റ്റിട്ടതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഇ-മെയില്‍ വഴിയാണ് ‘നിന്നെ ഞാന്‍ കൊല്ലും’ എന്ന മൂന്ന് വാക്കുകള്‍ മാത്രമുള്ള ഭീഷണി സന്ദേശം താരത്തിന് ലഭിച്ചത്. ഭീഷണിയെ തുടർന്ന്, ഗംഭീര്‍ പോലീസില്‍ പരാതി നല്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും അയച്ചയാളെ തിരിച്ചറിയാനും സൈബര്‍ സെല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്സില്‍ പോസ്റ്റിട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും ഇന്ത്യ തിരിച്ചടിക്കുമെന്നുമായിരുന്നു കുറിപ്പ്.
ഇതിന് പിന്നാലെയാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്. ഐഎസ്ഐഎസ് കശ്മീര്‍ എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്ന് ഗംഭീര്‍ നല്കിയ പരാതിയില്‍ പറയുന്നു. ഫ്രാന്‍സില്‍ കുടുംബസമേതം അവധിക്കാലം ആഘോഷിച്ച ശേഷം അടുത്തിടെയാണ് ഗംഭീര്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയത്.