
സച്ചിൻ രമേഷ് തെൻഡുൽക്കർ അഥവാ Sachin Tendulkar ഒരു സാരസ്വത് ബ്രാഹ്മിൺ കുടുംബത്തിലാണ് സച്ചിൻ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു മറാത്തി സാഹിത്യകാരൻ കൂടിയായിരുന്ന രമേഷ് ടെണ്ടുൽക്കർ, തന്റെ ഇഷ്ട സംഗീത സംവിധായകനായ സച്ചിൻ ദേവ് ബർമ്മൻ എന്ന പേരിലെ സച്ചിൻ എന്ന നാമം തന്റെ മകനു നൽകി. ടെണ്ടുൽക്കറുടെ മൂത്ത ജ്യേഷ്ഠൻ അജിത്, സച്ചിനെ ക്രിക്കറ്റ് കളിക്കാൻ പ്രോൽസാഹിപ്പിച്ചിരുന്നു. അജിതിനെ കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്.

പ്രാഥമിക വിദ്യാഭ്യാസം ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ തന്റെ കോച്ച് ആയിരുന്ന രമാകാന്ത് അചരേക്കറിൽ നിന്ന് സച്ചിൻ പഠിച്ചത്. തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ സച്ചിൻ എം.ആർ.എഫ്. പേസ് അക്കാദമിയിൽ പേസ് ബൗളിംഗിൽ പരിശീലനത്തിന് ചേർന്നു. പക്ഷേ അവിടത്തെ പരിശീലകനായിരുന്ന ഡെന്നിസ് ലില്ലി, സച്ചിനോട് ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.
ചെറുപ്പകാലത്ത് സച്ചിൻ അനേകം മണിക്കൂറുകൾ പരിശീലകനോടൊപ്പം ക്രിക്കറ്റ് പരിശീലിക്കുമായിരുന്നതിനാൽ സച്ചിന് മടുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അപ്പോൾ പരിശീലകൻ സ്റ്റമ്പിന്റെ മുകളിൽ ഒരു രൂപ നാണയം വെയ്ക്കുകയും സച്ചിനെ പുറത്താക്കുന്ന ബൗളർക്ക് ആ നാണയം സമ്മാനം നൽകുകയും ചെയ്യുമെന്ന് പറഞ്ഞു. ആ പരിശീലനത്തിനിടയിൽ ആർക്കും സച്ചിനെ പുറത്താക്കാൻ പറ്റിയില്ലെങ്കിൽ കോച്ച് ആ നാണയം സച്ചിനും നൽകുമായിരുന്നു. സച്ചിൻ പറയുന്നത് അക്കാലത്ത് കിട്ടിയ 13 നാണയങ്ങൾ ആണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങൾ എന്നാണ്.
സ്കൂളിൽ പഠിക്കുന്ന സമയത്ത് മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും, സഹപാഠിയുമായ വിനോദ് കാംബ്ലിയുമൊത്ത് സച്ചിൻ 1988-ലെ ഹാരിസ് ഷീൽഡ് ഗെയിംസിൽ, 664-റൺസ് എന്ന ഒരു റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയുണ്ടായി.ആ ഇന്നിംഗ്സിൽ സച്ചിൻ 320- റൺസിൽ അധികം നേടി. അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും. 2006-ൽ ഹൈദരാബാദുകാരായ 2 സ്കൂൾ വിദ്യാർത്ഥികൾ ഈ റൺസ് മറി കടക്കുന്നതു വരെ അതൊരു ലോക റെക്കോർഡ് ആയിരുന്നു. സച്ചിന് 14 വയസ്സുള്ളപ്പോൾ സുനിൽ ഗവാസ്കർ താൻ ഉപയോഗിച്ച അൾട്രാ ലൈറ്റ് പാഡുകൾ സച്ചിന് സമ്മാനമായി നൽകുകയുണ്ടായി. “അതെനിക്കൊരു നല്ല പ്രോൽസാഹനമായിരുന്നു” ഗവാസ്കറിന്റെ 34 -ടെസ്റ്റ് സെഞ്ച്വറികൾ എന്ന 20 വർഷം പ്രായമുള്ള റെക്കോർഡ് മറി കടന്നപ്പോൾ സച്ചിൻ ഓർത്തു.

രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നിവയിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനാണ് സച്ചിൻ. 19 വയസുള്ളപ്പോൾ യോർക്ക്ഷെയറിനു വേണ്ടി കളിക്കുന്ന ആദ്യ വിദേശ കളിക്കാരനായി സച്ചിൻ. യോർക്ഷെയറിനായി അദ്ദേഹം 16 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾ കളിക്കുകയും 46.52 ശരാശരിയിൽ 1070 റൺസ് നേടുകയും ചെയ്തു. 2008 ഏപ്രിലിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുബൈ ഇന്ത്യൻസ് ടീമിനു വേണ്ടിയാണ് സച്ചിൻ കളിച്ചത്.
ടെണ്ടുൽക്കർ ഒരു ആംബിഡെക്സ്ട്രസ് (ambidextrous) ആണ്. വലതു കൈ കൊണ്ട് ബാറ്റും, ബോളും, ഫീൽഡിൽ നിന്നും പന്തുകൾ എറിയുകയും ചെയ്യും, എന്നാൽ എഴുതുന്നത് ഇടതു കൈ കൊണ്ടാണ്. പരിശീലനത്തിനിടയിൽ ഇടതു കൈ കൊണ്ടും പന്തുകൾ എറിയാറുണ്ട്. ക്രിക്ഇൻഫോ കോളമിസ്റ്റായ സംബിത് ബാൽ സച്ചിനെ ഇപ്പോഴത്തെ പൂർണ്ണാരോഗ്യമുള്ള ക്രിക്കറ്റ് കളിക്കാരൻ ആയി വിശേഷിപ്പിച്ചിരുന്നു. ഫീൽഡിൽ അനാവശ്യ ചലനങ്ങൾ ഒഴിവാക്കി സമതുലിതമായാണ് സച്ചിൻ ബാറ്റ് ചെയ്യുന്നത്. പന്ത് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അനായാസം അടിക്കാൻ കഴിയുന്ന സച്ചിൻ, കോളമിസ്റ്റായ ബാലിന്റെ അഭിപ്രായത്തിൽ ബാക്ക്-ഫൂട്ട് പഞ്ച് ആണ് സച്ചിന്റെ മുദ്ര പതിഞ്ഞ ഷോട്ട്. താരതമ്യേന വേഗം കുറഞ്ഞ ഇന്ത്യൻ ഉപഭൂഖണ്ഡങ്ങളിലെ പിച്ചുകളിലും, അതു പോലെ വേഗമേറിയ കരീബിയൻ, പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പിച്ചുകളിലും സച്ചിൻ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സ്ക്വയറിനു മുകളിലൂടെ പന്ത് അടിക്കാൻ കഴിയുന്ന സച്ചിൻ ഈ രീതി വഴി അനേകം ബൗണ്ടറികൾ നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്
അന്താരാഷ്ട്ര തലത്തിൽ ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലും ബോളർമാർക്കെതിരെ ഇത്രയ്ക്ക് ആധിപത്യം സ്ഥാപിച്ച് കളിച്ചിരുന്ന താരങ്ങൾ അപൂർവ്വമാണ്. 24 വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിന്ന സച്ചിനാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന റൺ വേട്ടക്കാരൻ. ടെസ്റ്റിലും, ഏകദിനത്തിലും, ടി20യിലുമായി (ഒരു ടി20) 34357 റൺസാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ നേടിയിട്ടുള്ളത്.
ഏറ്റവും കൂടുതൽ സെഞ്ചുറികൾ – 100
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയിട്ടുള്ള താരവും സച്ചിൻ ടെണ്ടുൽക്കറാണ്. 463 ഏകദിന മത്സരങ്ങളിൽ നിന്ന് 49 സെഞ്ചുറികളും, 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 51 സെഞ്ചുറികളുമാണ് അദ്ദേഹം നേടിയത്. മൊത്തത്തിൽ 100 അന്താരാഷ്ട്ര സെഞ്ചുറികൾ സച്ചിന്റെ അക്കൗണ്ടിലുണ്ട്. അത്രയെളുപ്പത്തിൽ ഈ റെക്കോഡ് മറികടക്കാൻ ആർക്കും കഴിയില്ലെന്ന കാര്യം ഉറപ്പ്.
ഒരു കലണ്ടർ വർഷം കൂടുതൽ ഏകദിന റൺസ് – 1894
ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററും സച്ചിൻ ടെണ്ടുൽക്കറാണ്. 1998 ലായിരുന്നു സച്ചിൻ ഈ റെക്കോർഡ് സ്വന്തമാക്കിയത്. 1894 റൺസാണ് ആ വർഷം സച്ചിൻ ഏകദിന ക്രിക്കറ്റിൽ അടിച്ചു കൂട്ടിയത്.
കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരവും സച്ചിൻ ടെണ്ടുൽക്കർ ആണ്. 1989 ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ, 200 ടെസ്റ്റ് മത്സരങ്ങളിലും, 1989 ൽത്തന്നെ ഏകദിന അരങ്ങേറ്റം കുറിച്ച അദ്ദേഹം 463 ഏകദിനങ്ങളിലും, ഇതിന് പുറമേ ഒരു ടി20 മത്സരത്തിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. മൊത്തം 664 മത്സരങ്ങൾ.
2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലാണ്. 2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.
2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരതരത്ന ലഭിക്കുന്ന ആദ്യ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി . ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ ഒരാളും സച്ചിനാണ്. ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ റെസ്റ്റോറന്റുകളും സച്ചിൻ നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭാംഗവുമാണ് സച്ചിൻ. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സജീവ കായിക താരമാണ് അദ്ദേഹം.
1995-ൽ സച്ചിൻ ഗുജറാത്തി വ്യവസായി ആയിരുന്ന ആനന്ദ് മേത്തയുടെ മകൾ ഡോ. അഞ്ജലി എന്ന ശിശുരോഗവിദഗ്ദ്ധയെ വിവാഹം ചെയ്തു. ഇതൊരു പ്രണയവിവാഹം തന്നെയായിരുന്നു. സച്ചിനേക്കാൾ ആറു വയസ്സ് മുതിർന്ന യുവതിയായിരുന്നു ഡോ. അഞ്ജലി. ഈ ദമ്പതികൾക്ക് സാറ , അർജ്ജുൻ എന്നീ രണ്ടു മക്കൾ ആണുള്ളത്
തന്റെ ഭാര്യയുടെ അമ്മയായ അന്നാബെൻ മേത്തയോടൊപ്പം സച്ചിൻ, അപ്നാലയ എന്ന എൻ.ജി.ഒ.യുടെ കീഴിലുള്ള 200 കുട്ടികളെ സ്പോൺസർ ചെയ്യുകയുണ്ടായി. തന്റെ സാമൂഹ്യ പ്രവർത്തനങ്ങളെപ്പറ്റി പറയാൻ സച്ചിന് എന്നും അതൃപ്തിയായിരുന്നു. അതു തന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറയാൻ ആയിരുന്നു അദ്ദേഹത്തിന് ഇഷ്ടം.