
മലബാറില്‍ അത്ര സുപരിചിതമല്ലാത്ത’ പൊട്ട് വെള്ളരി’ കൃഷിയില്‍ നൂറുമേനി വിളവെടുത്തിരിക്കുകയാണ് ഇദ്ദേഹം
ഒന്നരയേക്കറോളം വരുന്ന പാട്ടത്തിനെടുത്ത സ്ഥലത്ത് മറ്റ് കൃഷികളുടെ കൂടെയാണ് പരീക്ഷണാര്‍ഥം പൊട്ട് വെള്ളരി പന്നിക്കോട് സ്വദേശി ഉച്ചക്കാവില്‍ സുനീഷ് കൃഷി ചെയ്തത്. വിറ്റാമിനുകള്‍ കൊണ്ടും ധാതുക്കളും കൊണ്ടും ജലസമ്പുഷ്ടതകൊണ്ടും ഏറെ പ്രാധാന്യമുള്ള ഒരു വിളയാണ് പൊട്ടുവെള്ളരി. കൃഷി ചെയ്താല്‍ വെറും 45 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഒരു കൃഷിയാണ് ഇത്. വിളവാകുമ്പോള്‍ കൃഷിയിടത്തില്‍ നിന്നും പൊട്ടുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പേരുവീണത് എന്നാണ് പറയപ്പെടുന്നത്.കൃഷിസ്ഥലത്ത് എത്തിയവര്‍ക്കെല്ലാം പൊട്ടുവെള്ളരി ജ്യൂസും നല്‍കിയാണ് സുനീഷ് തിരിച്ചയച്ചത്. കുട്ടികളിലും അത് കൗതുകമുണര്‍ത്തി. ചീര, പയര്‍, വെണ്ട, തണ്ണിമത്തന് തുടങ്ങിയ കൃഷികളുടെ കൂടെയാണ് പൊട്ട് വെള്ളരി കൃഷി ചെയ്തത്. കൃഷിയുടെ വിളവെടുപ്പ് നാട്ടുകാരെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് മെംബർമാരുടെയും സാന്നിധ്യത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്നു