
ആലുവ മൂന്നാർ രാജപാത തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ പേരിലായിരുന്നു മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനംവകുപ്പ് കേസെടുത്തത്
കൊച്ചി: കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരെയുള്ള കേസ് പിൻവലിക്കാൻ തീരുമാനം. വനം വകുപ്പ് എടുത്ത കേസാണ് പിൻവലിക്കുന്നത്. ആലുവ-മൂന്നാർ രാജപാത തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ പേരിലായിരുന്നു മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനംവകുപ്പ് കേസെടുത്തത്.
സഭയുടെ കടുത്ത പ്രതിഷേധത്തിന്റെയും സമ്മർദ്ദത്തിന്റെയും പശ്ചാത്തലത്തിലാണ് കേസ് പിൻവലിക്കാൻ തീരുമാനമായത്. സമരത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾക്ക് എതിരെയുള്ള കേസും പിൻവലിക്കാൻ തീരുമാനമായിട്ടുണ്ട്. അതേ സമയം ആലുവ-മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്ററെ ചുമതലപ്പെടുത്തി.
വ്യവസായമന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. മാർ ജോർജ് പുന്നക്കാട്ടിലിനെതിരെ കേസെടുത്തതിനെതിരെ പരസ്യ പ്രതിഷേധവുമായി കോതമംഗലം രൂപത രംഗത്ത് എത്തിയിരുന്നു. തുടർന്ന് സഭ പ്രതിഷേധം കടുപ്പിക്കും എന്ന സാഹചര്യത്തിലാണ് മന്ത്രി പി രാജീവ് നിർണായക നടപടിയെടുത്തത്. അതേ സമയം കേസ് പിൻവലിക്കാനുള്ള തീരുമാനത്തെ കോതമംഗലം രൂപത സ്വാഗതം ചെയ്തു.