
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളും ഡിജിറ്റലാക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാനുള്ള ആലോചനയിലാണ് മോട്ടോർ വാഹന വകുപ്പ്. ഓട്ടോമാറ്റിക് വാഹന പരിശോധനയും ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസ്സായി ഗ്രൗണ്ട് വിടുമ്പോൾ തന്നെ ഡിജിറ്റൽ ലൈസൻസ് നൽകാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്യൂട്ടിയിലുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ടാബ് നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. നിലവിൽ ഡിജിറ്റൽ ലൈസൻസ് ലഭിക്കണമെങ്കിൽ ഉദ്യോഗസ്ഥർ ഓഫീസിലെത്തി വെബ്സൈറ്റിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. ഇത് ടെസ്റ്റ് ഗ്രൗണ്ടിൽനിന്ന് തന്നെ ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ടാബ് വഴി ഗ്രൗണ്ടിൽ നിന്നുതന്നെ ലൈസൻസ് അപ്ലോഡ് ചെയ്യാൻ സാധിക്കും. ഇതുവഴി ടെസ്റ്റ് പാസ്സാകുന്നയാൾ ഗ്രൗണ്ട് വിട്ടുപോകുന്നതിനു മുമ്പുതന്നെ ഡിജിറ്റൽ ലൈസൻസ് ഫോണിലെത്തും. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ വിട്ടുവീഴ്ചയില്ല. പുതിയ ടെസ്റ്റ് രീതികൾക്കനുസൃതമായി ഗ്രൗണ്ടുകൾ ഒരുക്കാനുള്ള സാവകാശം നൽകുക മാത്രമാണ് ചെയ്തത്. പരിഷ്കരണവുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ ‘എച്ച്’ രീതിയെല്ലാം മാറും. ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ നൽകും. ഏതെങ്കിലും ഡ്രൈവിങ് സ്കൂളിൻ്റെ പേരിൽ വാഹനം രജിസ്റ്റർ ചെയ്തശേഷം വാടകയ്ക്ക് നൽകുന്ന പ്രവണത അനുവദിക്കില്ല.
കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ വഴി 38 ലക്ഷം രൂപ ലാഭം ഉണ്ടായെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലെ പഠിതാക്കളെ ബോധപൂർവം പരാജയപ്പെടുത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോറിക്ഷകളിൽ ഫെയർ ചാർട്ട് പ്രദർശിപ്പിച്ച് അതിലുള്ള നിരക്ക് മാത്രമേ വാങ്ങാവൂ. ഇല്ലെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിൽ ആഭ്യന്തര വിജിലൻസ് സംവിധാനം തുടങ്ങുന്നത് പരിഗണനയിലാണ്. സേവനങ്ങൾ സംബന്ധിച്ച ഫയൽ നീക്കമടക്കം വിജിലൻസ് പരിശോധിക്കും. ഒരു ഫയലും അഞ്ചു ദിവസത്തിൽ കൂടുതൽ കെട്ടിക്കിടക്കാൻ പാടില്ല. അങ്ങനെയുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ വിവിധ ജില്ലകളിലായി വിഭജിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു
ഡ്രൈവിങ് ലൈസൻസ് പ്രിൻ്റ് ചെയ്യാനും പുതുക്കാനുമായി കിയോസ്കുകൾ സ്ഥാപിക്കാൻ മോട്ടോർ വാഹനവകുപ്പ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി ഗണേഷ്കുമാർ വ്യക്തമാക്കി. ലൈസൻസ് വിവരങ്ങൾ കിയോസ്കിൽ നൽകിയാൽ അതിൽനിന്ന് പ്രിൻ്റ് ലഭിക്കുന്ന തരത്തിലാണ് പ്രവർത്തനം. വിദേശ രാജ്യങ്ങളിലേതുപോലുള്ള പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. പരിപാലന ചുമതല കിയോസ്ക് സ്ഥാപിക്കുന്ന കമ്പനികൾക്കാകും. മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിലേക്ക് വരുന്ന ഒടിപി കിയോസ്കിൽ നൽകിയാലേ ലൈസൻസിൻ്റെ പ്രിൻ്റ് ലഭിക്കൂ.ലൈസൻസ് ടെസ്റ്റ്, ഫിറ്റ്നെസ് പരിശോധന തുടങ്ങിയവ മാത്രമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നേരിട്ട് നടത്തുന്നത്. ഓട്ടോമാറ്റിക് വാഹന പരിശോധനാ സംവിധാനം വൈകാതെ യഥാർഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.