
ഇന്ന് ഏപ്രിൽ ഒന്ന്. പറ്റിക്കാനും പറ്റിക്കപ്പെടാനുമായുള്ള ഒരു ദിവസം. അതാണ് ഏപ്രിൽ ഫൂൾ ദിനം അഥവാ വിഡ്ഢി ദിനം. അന്താരാഷ്ട്ര മാധ്യമമായ ബിബിസി പോലും ഈ ദിവസം ചില വ്യാജ വാർത്തകൾ സംപ്രേക്ഷണം ചെയ്ത് പ്രേക്ഷകരെ വിഡ്ഢികളാക്കിയ ചരിത്രമുണ്ട്.
ഈ ദിവസം ആളുകൾ പരസ്പരം തമാശ പറയും. മുന്നിലിരിക്കുന്ന ആൾക്ക് ദോഷമാകാത്ത തരത്തിൽ പലരും ഇത്തരം തമാശകൾ ചെയ്യാറുമുണ്ട്. ദോഷകരമല്ലാത്ത വ്യാജ വാർത്തകളും പ്രചരിപ്പിക്കാറുണ്ട്. മാത്രമല്ല പലതരം പ്രാങ്കുകൾ ചെയ്തും വിവിധ രീതിയിൽ ഈ ദിനം ആളുകൾ ആഘോഷമാക്കാറുണ്ട്. ഈ ദിവസം തമാശകൾ പങ്കുവയ്ക്കുന്നതും നിങ്ങളുടെ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും കളിയാക്കുന്നതും മാത്രമല്ല, സന്തോഷം പകരുന്നതും കൂടിയാണ്.കുട്ടിക്കാലത്ത് നമ്മൾ എല്ലാവരും കാത്തിരുന്ന ഒരു ദിവസം ആയിരുന്നു ഏപ്രിൽ ഫൂൾ ഡേ എന്ന് വിശേഷിപ്പിക്കുന്ന ഏപ്രിൽ ഒന്ന്. ആളുകൾ അവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന ദിവസമാണിത്.പലരും തങ്ങളുടെ പരിചയക്കാരെ കബളിപ്പിക്കാൻ ശ്രമിക്കുന്നു. അവരുടെ ശ്രമങ്ങൾ വിജയിക്കുമ്പോൾ, അവർ സന്തോഷത്തോടെ ഏപ്രിൽ ഫൂൾ എന്ന് ആർത്തുവിളിക്കും. വീട്ടിലെ കുട്ടികൾ പലപ്പോഴും വീട്ടിലെ മുതിർന്നവരെപ്പോലും ഏതെങ്കിലും വിധത്തിൽ ഏപ്രിൽ ഫൂളുകളാക്കാൻ ശ്രമിക്കുന്ന തിരക്കിലാണ്.
ചോസറിന്റെ ‘കാന്റർബറി ടെയിൽസി’ലെ ‘ദി നൺസ് പ്രീസ്റ്റ്സ് ടെയിൽ’ എന്ന കഥയോടെയാണ് ഏപ്രിൽ ഫൂൾ ദിനാഘോഷം ആരംഭിക്കുന്നത്. 1381ലാണ് ഇത് ആരംഭിച്ചതായി പറയപ്പെടുന്നത്. ആ സമയത്ത്, ഇംഗ്ലണ്ടിലെ രാജാവ് റിച്ചാർഡ് രണ്ടാമന്റെയും ബൊഹീമിയയിലെ രാജ്ഞി ആനിന്റെയും വിവാഹനിശ്ചയം പ്രഖ്യാപിച്ചു. തന്റെയും ആനി രാജ്ഞിയുടെയും വിവാഹനിശ്ചയ തീയതി മാർച്ച് 32നാണെന്ന് രാജാവ് തന്റെ പ്രജകളോട് പറഞ്ഞു. എന്നാൽ അവിടെയുള്ള ആളുകൾക്ക് പോലും രാജാവ് പറഞ്ഞത് മനസിലാക്കാനോ വിശ്വസിക്കാനോ കഴിഞ്ഞില്ല.
അതേസമയം രാജാവിന്റെ വിവാഹനിശ്ചയം ആഘോഷിക്കാൻ എല്ലായിടത്തും ഉത്സവാന്തരീക്ഷം ആയിരുന്നു. മാർക്കറ്റുകൾ അലങ്കരിച്ചിരുന്നു. ആളുകൾ തയ്യാറെടുപ്പുകളുടെ തിരക്കിലായിരിക്കുമ്പോൾ, മാർച്ച് 32 കലണ്ടറിലെ ഒരു തീയതിയല്ലെന്ന് പെട്ടെന്ന് മനസിലായി. ഇതിനുശേഷം, തങ്ങൾ വഞ്ചിതരായി എന്ന് എല്ലാവർക്കും മനസിലായി. അതോടെ ഏപ്രിൽ ഫൂൾ ദിനം ബ്രിട്ടനിലുടനീളം വ്യാപിച്ചു.

സ്കോട്ട്ലൻഡിൽ ഏപ്രിൽ ഫൂൾ ദിനം രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്. അവിടെ തമാശക്കാരെ ഗൗക്കുകൾ (കുക്കൂ പക്ഷികൾ) എന്നാണ് വിളിക്കുന്നത്. ഏപ്രിൽ ഫൂൾ ദിനം എല്ലാ വിഡ്ഢികളുടെയും ദിനം എന്നും അറിയപ്പെടുന്നു.
ഏപ്രിൽ ഫൂൾ ദിനത്തിന്റെ ചരിത്രത്തെക്കുറിച്ച് നിരവധി കഥകൾ ഉണ്ട്. എന്നാൽ കലണ്ടറുമായി ബന്ധപ്പെട്ട കഥയ്ക്കാണ് സ്വീകാര്യത കൂടുതൽ. ഫ്രാൻസ് ജൂലിയൻ കലണ്ടർ ഉപേക്ഷിച്ച് 1582ൽ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ച കാലം മുതലാണ് ഏപ്രിൽ ഫൂൾ ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നതെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു.
അക്കാലത്ത്, ജൂലിയൻ കലണ്ടറിൽ ഏപ്രിൽ 1ന് പുതുവർഷം ആരംഭിച്ചപ്പോൾ, ഗ്രിഗോറിയൻ കലണ്ടറിൽ അത് ജനുവരി 1ലേക്ക് മാറി. പലർക്കും ഈ മാറ്റം മനസിലാക്കാൻ കഴിഞ്ഞില്ല. അത്തരമൊരു സാഹചര്യത്തിൽ, ജൂലിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 1ന് പുതുവത്സരം ആഘോഷിക്കുന്നവരെ ആളുകൾ വിഡ്ഢികൾ എന്ന് വിളിക്കാനും അവരെ കളിയാക്കാനും തുടങ്ങി. മാറ്റം അറിയാതെ പുതുവത്സരം ആഘോഷിച്ച ഇവരെ വിഡ്ഢികളെന്ന് വിളിച്ച് പലരും ആക്ഷേപിച്ചു. അങ്ങനെയാണ് വിഡ്ഢി ദിനം ഉണ്ടായതെന്നാണ് കഥ.പുതിയ കലണ്ടര്‍ നിലവില്‍ വന്നിട്ടും ഇക്കാര്യം അറിയാതെ ഏപ്രില്‍ 1ന് പുതുവര്‍ഷം ആഘോഷിച്ചവരെയും മാറ്റങ്ങള്‍ അംഗീകരിക്കാത്തവരെയും ‘വിഡ്ഢികള്‍’ എന്ന് വിളിക്കാന്‍ തുടങ്ങി. ഇതാണ് പില്ക്കാലത്ത് ഏപ്രില്‍ ഫൂള്‍ അഥവാ വിഡ്ഢികളുടെ ദിനമായി ആചരിക്കപ്പെട്ടതെന്നുമാണ് പറയപ്പെടുന്നത്. ഗ്രീക്ക് ദേവതയായ സെറസിന്റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കഥയും ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്.
മകളുടെ കരച്ചില് കേട്ടെത്തിയ സെറസ് മാറ്റൊലി കേട്ടഭാഗത്തേയ്ക്ക് ഓടിയതാണ് വിഡ്ഢി ദിനവുമായി ബന്ധപ്പെടുത്തി പറയുന്ന കഥ. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ വിഡ്ഢി ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. വിഡ്ഢിദിനത്തില്‍ വിഡ്ഢികളാക്കപ്പെടുന്നവരെ ഏപ്രില്‍ ഫിഷ് എന്നാണ് ഫ്രഞ്ചുകാര്‍ വിളിക്കുന്നത്. സ്കോട്ട്ലാന്റുകാര്‍ ഇത്തരക്കാരെ ഏപ്രില്‍ ഗോക്ക് എന്നാണ് വിളിക്കുന്നത്.

എന്നാൽ ചില ചരിത്രകാരന്മാർ ഇതിനെ ഹിലാരിയയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഹിലാരിയ എന്ന ലാറ്റിൻ പദത്തിന്റെ അർഥം സന്തോഷം എന്നാണ്. പുരാതന റോമിൽ ഹിലാരിയ എന്നൊരു സമൂഹം ഒരു ഉത്സവം ആഘോഷിച്ചിരുന്നു. ഈ ഉത്സവത്തിൽ ആളുകൾ വേഷം മാറി ആളുകളെ പറ്റിക്കാൻ ശ്രമിച്ചിരുന്നു. മാർച്ച് അവസാനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, അത് ഏപ്രിൽ ഫൂളുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കഥകൾ.
ഇറ്റലി, ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിൽ ഇത് വ്യത്യസ്തമായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ആളുകൾ പരസ്പരം കടലാസ് മത്സ്യം ചുമലില്‍ തൂക്കിയിടുന്നു. അതുകൊണ്ടാണ് പല സ്ഥലങ്ങളിലും ഏപ്രിൽ ഫൂളിനെ ഏപ്രിൽ ഫിഷ് എന്നും വിളിക്കുന്നത്.