
ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയടോ ചേര്‍ന്നുള്ള സ്റ്റോര്‍ റൂമില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. സ്റ്റോര്‍ റൂമില്‍ തീപിടിച്ച സമയത്ത് ജഡ്ജിയും ഭാര്യയും ഭോപ്പാലിലായിരുന്നു. തീപിടുത്തമറിഞ്ഞ് ഓടിയെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം ഏതാനും പോലീസുകാരും എത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിറ്റേന്ന് രാവിലെ വരൂ എന്നാണ് ജഡ്ജിയുടെ പിഎ പോലീസുകാരോട് പറഞ്ഞത്. ഇതിനിടയില്‍ പോലീസുകാര്‍ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ ക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് ചീഫ് ജസ്റ്റിസിനും കൈമാറുകയും ചെയ്തു.
പിറ്റേന്ന് രാവിലെ എത്തിയ പോലീസിനോടും പിന്നെ വരാന്‍ പറഞ്ഞ് തിരിച്ചയച്ചു എന്നാണ് വാര്‍ത്തകള്‍ വരുന്നത്.
ഇതിനിടയില്‍ കത്തിക്കരിഞ്ഞ നോട്ടുകള്‍ സ്ഥലത്ത് മാറ്റിയതായും പറയപ്പെടുന്നു. ജഡ്ജിയുടെ സ്റ്റാഫുകളുടെ അറിവോടെയാണ് നോട്ടുകെട്ടുകള്‍ മാറ്റിയതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പിറ്റേന്ന് ഏറെ വൈകിയാണ് പോലീസ് തലപ്പത്ത് സംഭവം എത്തുന്നത്. 17 മണിക്കൂറിന് ശേഷമാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പലരും കേസുകള്‍ നല്‍കിയിരുന്നു. ഇതില്‍ ഹേമാലി സുരേഷ് കുര്‍നെ നല്കിയ ഹര്‍ജിയില്‍ പറയുന്ന കാര്യം പ്രസക്തമാണ്. സാധാരണക്കാരായ മനുഷ്യരുടെ വീടുകളിലാണ് ഇത് സംഭവിച്ചതെങ്കില്‍ ഏതെല്ലാം അന്വേഷണ ഏജന്‍സികള്‍ എത്തുമായിരുന്നു. ജഡ്ജിയും സാധാരണക്കാരനും തമ്മിലുള്ള വ്യത്യാസമെന്തെന്നാണ് ഹര്‍ജിക്കാര്‍ ചോദിച്ചിരിക്കുന്നത്. ഇതുതന്നെയാണ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ ചോദിക്കുന്നത്.
നീതിപീഠം എപ്പോഴും സംശയങ്ങള്‍ക്ക് അതീതമായിരിക്കണം. ജസ്റ്റിസ് ശ്വന്ത് വര്‍മ്മയുടെ കാര്യത്തില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടത്തി സത്യം പുറത്തുവരുമെന്ന് തന്നെ ആശിക്കാം. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ നീതിപീഠത്തിനെതിരെ സംശയത്തിന്റെ ചെറിയ മുനപോലും വരുന്നത് ആശാസ്യകരമല്ല.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്ക് എതിരെ ഇതിന് മുന്‍പും കേസുണ്ടായിട്ടുണ്ട്. കേസില്‍ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇപ്പോള്‍ വീണ്ടും ജഡ്തിയുടെ വീടിന്റെ സ്റ്റോര്‍ റൂമില്‍ നിന്ന് കോടികള്‍ വിലവരുന്ന നോട്ടുകെട്ടുകള്‍ കത്തിയ നിലയില്‍ കണ്ടെത്തിയത് ദുരൂഹമാണ്. ഇതില്‍ ജഡ്ജിക്ക് പങ്കുണ്ടോ ഇല്ലയോ എന്നത് അന്വേഷണത്തില്‍ മാത്രമേ കണ്ടെത്താനാവുകയുള്ളൂ. കണ്ടെത്തുന്നതുവരെ അവര്‍ കുറ്റക്കാരല്ല എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം. ഇതില്‍ കൃത്യമായ അന്വേഷണമാണ് നടക്കേണ്ടത്. കാരണം ഇതിനു മുന്‍പ് മറ്റൊരു കേസ് ഇതേ ജഡ്ജിക്ക് നേരെ ഉണ്ടായിട്ടുണ്ട് എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. അതുകൊണ്ടുതന്നെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയായിരിക്കണം, പ്രത്യേകിച്ചും നീതിന്യായ വ്യവസ്ഥയുടെ ഭാഗമായതിനാല്‍.
അന്വേഷണം നടത്തി ജഡ്ജി കുറ്റക്കാരനല്ലെങ്കില്‍ കുറ്റക്കാരായവരെ കണ്ടെത്തി ഉചിതമായ ശിക്ഷ ഉറപ്പാക്കാന്‍ കഴിയണം. ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നതും അന്വേഷണ വിധേയമാക്കണം. അതിനുപകരം ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഉചിതമായ നടപടി സുപ്രീംകോടതി സ്വീകരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജ്യത്ത് നീതിന്യായ സംവിധാനം കുറ്റമറ്റതായി തുടരേണ്ടത് അനിവാര്യമാണ്. സംശയത്തിന്റെ ഒരു നിഴല്‍പോലും നീതിന്യായ വ്യവസ്ഥയില്‍ ഉണ്ടാകാതിരിക്കട്ടെ. നീതിന്യായ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ ജനാധിപത്യ സംവിധാനത്തിന് തന്നെ തടസ്സമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നീതിന്യായ സംവിധാനത്തെ അതിന്റെ കറകളഞ്ഞ വ്യക്തിത്വം നിലനിര്‍ത്താന്‍ നതിപീഠത്തിന് കഴിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.