
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ കേസ് നിലനില്‍ക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് പറഞ്ഞു. വിജിലന്‍സ് കേസ് നിലനില്‍ക്കുമോ എന്നത് നിയമപരമായ പ്രശ്നം മാത്രമാണ്. ലാവ്ലിന് കേസ്പോലെ എസ്എഫ്ഐഒ കേസും നീണ്ടുപോവുകയാണെന്നും വിഡി സതീശന് പറഞ്ഞു.
വിജിലന്‍സ് അന്വേഷണ ഹര്‍ജികള്‍ തള്ളിയതിന്റെ വിശദാംശങ്ങള്‍ അറിയില്ല. ഈ കേസ് രണ്ടു തരത്തിലാണ്. ഏതെങ്കിലും ആനുകൂല്യം ചെയ്തു കൊടുത്തതിന് പകരമായി മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് സി.എം.ആര്.എല്‍ കമ്പനി പണം നല്കിയിട്ടുണ്ടെങ്കില് വിജിലന്‍സ് അന്വേഷിക്കേണ്ടി വരും. ഇത് അഴിമതി നിരോധന നിയമ പ്രകാരമുള്ള അന്വേഷണമാണ്. പ്രത്യുപകരമായാണ് പണം കിട്ടിയതെന്ന് തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ല.
പി.എം.എല്‍ ആക്ട് പ്രകാരമാണ് നിലവില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടത്തുന്നത്. എസ്.എഫ്.ഐ.ഒയുടെ അന്വേഷണവും ലാവലിന്‍ കേസു പോലെ കുറേക്കാലമായി നടക്കുകയാണ്. ഈ കേസുകളിലൊക്കെ ഗൗരവതരമായ അനിശ്ചിതത്വമുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം നിലനില്‍ക്കുന്നതാണ്. അവരുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. കമ്പനിക്ക് ഒരു സേവനവും നല്‍കാതെയാണ് പണം നല്‍കിയതെന്ന് ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. കമ്പനിക്ക് ഒരു സേവനവും നല്‍കാതെ എന്തിനാണ് പണം നല്‍കിയതെന്നാണ് എസ്.എഫ്.ഐ.ഒ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ പുറത്തു വരട്ടെ. അഴിമതി നിരോധന നിയമപ്രകാരമുള്ള വിജിലന്‍സ് അന്വേഷണമാണോ കള്ളപ്പണം വെളുപ്പിച്ചതിന് പി.എം.എല്‍ ആക്ടാണോ നിലനില്‍ക്കുന്നതെന്നത് നിയമപരമായ പ്രശ്നമാണ്.
വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കാത്ത കോടതി ഉത്തരവ് യു.ഡി.എഫിന് എങ്ങനെയാണ് തിരിച്ചടിയാകുന്നത്? കേസ് നിലവിലുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അഴിമതി നിരോധന നിയമമാണോ പി.എം.എല്‍ ആക്ടാണോ നിലനില്ക്കുന്നതെന്ന നിയമ പ്രശ്നം മാത്രമെയുള്ളൂ. നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ച് എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുന്നുമുണ്ട്. നിയമ നടപടികളുമായി മാത്യു കുഴല്നാടന് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.