
കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും വ്യാപകമായി തൊഴിൽ വാഗ്ദാനവുമായി ഉദ്യോഗാർത്ഥികളെ സമീപിച്ച് തട്ടിപ്പിന് ഇരയാക്കുന്നതായി പരാതി. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന എച്ച്.പി.എൽ (സേവന) കമ്പനിക്കെതിരെയാണ് വ്യാപക പരാതി ഉയരുന്നത്. തൊഴിലില്ലായ്മയെ ദുരുപയോഗം ചെയ്ത് സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള യുവാക്കളെ ലക്ഷ്യം വെച്ചുള്ള തട്ടിപ്പ് ഏറെ ഞെട്ടിക്കുന്നതാണ്. ആകർഷകമായ വാഗ്ദാനങ്ങൾ നിരത്തി പത്രങ്ങളിൽ പരസ്യം നൽകുകയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ഈ പരസ്യം കണ്ട് വിശ്വസിച്ച് കമ്പിനി നടത്തുന്ന ഓൺലൈൻ, ഓഫ് ലൈൻ ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നതിന് ഉദ്യോഗാർത്ഥികളുടെ തിരക്കാകും.
ഇന്റർവ്യൂ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ജോലിക്കായി തെരഞ്ഞെടുത്തുവെന്നും അധികം വൈകാതെ തന്നെ ജോലിയിൽ പ്രവേശിക്കണമെന്നുമുള്ള നിർദ്ദേശം നൽകും. ഉയർന്ന ശമ്പളത്തിനൊപ്പം തന്നെ താമസവും ഭക്ഷണവുമെല്ലാം വാഗ്ദാനം ചെയ്യും. ഏതൊരു ഉദ്യോഗാർത്ഥിയെ സംബന്ധിച്ചും ആകർഷണം തോന്നുന്ന ആനുകൂല്യങ്ങളും ശമ്പളവുമാകും ഇത്തരം കമ്പിനികൾ നൽകുന്നത്. ഓഫീസ് ജോലിക്ക് ആണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ കൊണ്ടുവരുന്നത്. ആദ്യദിവസങ്ങളിൽ ചില ഓഫീസ് ജോലികൾ മാത്രമാകും ഇവർക്ക് നൽകുന്നത്. പിന്നീട് ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ട്രെയിനിങ് ആവശ്യമുണ്ടെന്നും അതിനായി വീടുകളിൽ കയറിച്ചെന്ന് സാധനസാമഗ്രികളുടെ കച്ചവടം നടത്തണമെന്നും നിർദ്ദേശിക്കും. ഏതു വിധേനയും ജോലിക്ക് പ്രവേശിക്കുവാൻ വേണ്ടി ഉദ്യോഗാർത്ഥികൾ ഇത് വിശ്വസിച്ച് ഡയറക്ട് മാർക്കറ്റിങിന് ഇറങ്ങും. എന്നാൽ ഈ ജോലി ദിവസങ്ങൾക്കും ആഴ്ചകൾക്കും അപ്പുറം മാസങ്ങൾ നീളുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് സംശയം തോന്നും.
അപ്പോഴേക്കും പൂർണ്ണമായും ഇവർ തട്ടിപ്പുകാരുടെ വലയിൽ വീണിരിക്കും. പിന്നീടങ്ങോട്ട് ഇവരുടെ മൊബൈൽ ഫോൺ പോലും നിയന്ത്രിക്കുന്നത് കമ്പിനിയുടെ ഭാഗമായ ആളുകൾ ആയിരിക്കും. ക്രൂരമായ പീഡനങ്ങൾ ഇവർ താമസസ്ഥലത്തും മറ്റും നേരിടേണ്ടി വരുന്നു. കമ്പിനി പറയുന്നത്ര വിപണനം നടന്നില്ലെങ്കിൽ ശാരീരികമായും മാനസികമായും അതിക്രൂര പീഡനത്തിനാണ് ഇരയാകേണ്ടി വരുക. ഇതെല്ലാം പുറംലോകത്ത് മറ്റൊരാളോട് പറയുവാനുള്ള അവസരങ്ങൾക്കും കമ്പിനി അധികൃതർ ഇടവരുത്തില്ല. കേരളത്തിന്റെ പല ജില്ലകളിലും വാടകവീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. പെരുമ്പാവൂരിലെ കേന്ദ്രത്തിൽ നിന്നും ഉദ്യോഗാർത്ഥികളെ ക്രൂരമായി മർദ്ദിപ്പിക്കുകയും മറ്റ് മാനസിക പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാത്രവുമല്ല കമ്പിനിക്കെതിരെ തട്ടിപ്പിന് ഇരയായവർ പരാതിയുമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. പറയപ്പെടുന്ന ശമ്പളം നൽകിയില്ലെന്നും വളരെ തുച്ഛമായ പണം മാത്രമാണ് നൽകുന്നതെന്നും അതുതന്നെ പല കാരണങ്ങൾ പറഞ്ഞ് തരാതെ ഇരിക്കുന്ന സാഹചര്യങ്ങളും ഉണ്ടെന്ന് തട്ടിപ്പിന് ഇരയായ യുവാക്കൾ പറയുന്നു.
പൊലീസിൽ പലയാവർത്തി പരാതി പറയുവാൻ ശ്രമിച്ചെങ്കിലും കമ്പിനി ഭീഷണിപ്പെടുത്തിയും മറ്റും പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിക്കാർ പറയുന്നു. ഇത്തരത്തിലുള്ള തട്ടിപ്പ് കേന്ദ്രങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.വിഷ്ണു വിജയൻ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും അദ്ദേഹം പരാതി നൽകുകയും ചെയ്തിട്ടുണ്ട്.